
ന്യൂ ജേഴ്സിയിൽ ഇന്ത്യൻ വംശജനായ മുനിസിപ്പൽ കൗൺസിലർ ആനന്ദ് ഷായുടെ മേൽ മാഫിയ ബന്ധം ആരോപിച്ചു. സംഘം ചേർന്ന് ചൂതാട്ടവും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തു എന്നാരോപിച്ചു ഷാ ഉൾപ്പെടെ 39 പേരുടെ മേലാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നു ന്യൂ ജേഴ്‌സി അറ്റോണി ജനറൽ മാത്യു പ്ലാറ്റ്കിൻ അറിയിച്ചു.
സംസ്ഥാനത്തു 12 ഇടങ്ങളിൽ റെയ്‌ഡ് നടത്തിയ ശേഷമാണു കേസെടുത്തതെന്നു അദ്ദേഹം വ്യക്തമാക്കി. നാലു പോക്കർ ക്ലബ്ബ്കളിൽ റെയ്‌ഡ് നടത്തി.
കുറ്റം ആരോപിക്കപ്പെട്ടവരിൽ ഫ്ലോറിഡ ലോങ്‌വുഡിൽ നിന്നുള്ള ഇന്ത്യൻ വംശജൻ സമീർ എസ്. നദ്കർണിയും ഉൾപ്പെടുന്നു.
ന്യൂ യോർക്കിന്റെ പ്രാന്ത പ്രദേശത്തു പ്രോസ്പെക്ട് പാർക്കിൽ മുനിസിപ്പൽ കൗൺസിലറായ ഷാ രാഷ്ട്രീയത്തിൽ ഉദയ താരമാണ്. സാമ്പത്തിക വികസന ചുമതല അദ്ദേഹത്തിനായിരുന്നു.
ലുചെസ് ക്രൈം ഫാമിലിയുമായി ബന്ധപ്പെട്ടാണ് ഷാ നിയമവിരുദ്ധ പോക്കർ മത്സരങ്ങൾ നടത്തിയിരുന്നതെന്നു പ്ലാറ്റ്കിൻ പറഞ്ഞു. ഓൺലൈൻ ബെറ്റിങ്ങും ചെയ്തിരുന്നു. യുഎസിൽ കുപ്രസിദ്ധി നേടിയ ഇറ്റാലിയൻ-അമേരിക്കൻ കുറ്റവാളി കുടുംബമാണ് ലുചെസ്.
Indian-origin councillor charged in mafia case