വേനൽച്ചൂട് കനക്കും കാലം
വേലേം കൂലീം കുറയും കാലം
വേലിത്തണലിൻ കൊമ്പിൽ നിറയെ കൊന്നപ്പൂവു ചിരിപ്പതു കണ്ടേ..
വേലിത്തണലിൻ കൊമ്പിൽ നിറയെ കൊന്നപ്പൂവു ചിരിപ്പതു കണ്ടേ..
മാമലനാട്ടിൻ കൊന്നപ്പെൺകൊടി
മഞ്ഞപ്പുടവയണിഞ്ഞൊരു സുന്ദരി
കനകക്കിങ്ങിണി ചാർത്തിയ കാമിനി
പൂത്തു തിമിർത്തതു കണ്ടവരുണ്ടോ
കനകക്കിങ്ങിണി ചാർത്തിയ കാമിനി
പൂത്തുതിമിർത്തതു കണ്ടവരുണ്ടോ
വേനൽച്ചൂട് കനക്കും നേരം
വേലേം കൂലീം കുറയും നേരം
വേലിത്തണലിൻ കൊമ്പത്തോരോ കൊന്നക്കൊമ്പുകൾ പൂത്തതു കണ്ടോ...
വേലിത്തണലിൻ കൊമ്പേത്തോരോ
കൊന്നപൂവു ചിരിപ്പതു കണ്ടോ..
പൂത്ത് തിമിർത്തൊരു കൊന്ന പെണ്ണവൾ
മാമലനാട്ടിൻ നല്കണിയായോൾ
നങ്ങേലിയുടെ വെങ്കല ഉരുളിയിൽ
കണിവെള്ളരി കണി കാണാനൊരുങ്ങി
നാട്യമെഴുന്നൊരു നാണവുമായി
വാൽക്കണ്ണാടിയിരിപ്പൂ ചേലിൽ
അരിയും നെല്ലും തമ്മിൽ ഹസിച്ചൂ
അരികിൽ കൺമഷി കണ്ണുമിറുക്കി.
അരമുറി തേങ്ങയിലെണ്ണനിറച്ചേ
തിരികൾ തെറുത്തതിനുള്ളിൽവച്ചേ
വരദക്ഷിണയൊട് മാത്സര്യം പോൽ
കനകാഭരണമതരികിലിരിപ്പൂ
പീലിക്കണ്ണിൻ ചാരെയിരിക്കും
പുത്തൻ കസവിൻ നറുമണമുണ്ടേ
മാമലനാട്ടിലെ സൽഫലമാകും
ചക്കേംമാങ്ങേമുരുളിയിലുണ്ടേ..
വെള്ളോട്ടു കിണ്ടിയിൽ വെള്ളമൊഴിച്ച്
കണ്ണുകൾപൊത്തിയ മാമലനാട്
മനവും മിഴിയും സൗഭാഗ്യത്തിൻ
കണികാണാനായുണരുകയായി.