ചൈനയിൽ നിന്നുള്ള ഐഫോണുകൾക്കും മറ്റു ഉപകരണങ്ങൾക്കും ഭീമമായ ഇറക്കുമതി തീരുവയിൽ നിന്നു ഒഴിവ് നൽകിയെന്ന വ്യാഖ്യാനം തെറ്റാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. "ഒന്നും ഒഴിവാക്കിയിട്ടില്ല, പുതിയ ഡ്യൂട്ടികൾ വരുന്നുമുണ്ട്," അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു.
"ആരും ഊരിപ്പോകില്ല. വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചതു ഒഴിവാക്കലല്ല. ഈ ഉത്പന്നങ്ങൾക്കെല്ലാം നിലവിലുള്ള 20% ഫെന്റണിൽ താരിഫ് ഉണ്ടാവും. മറ്റൊരു താരിഫ് വകുപ്പ് വരുന്നുമുണ്ട്."
ദേശ സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള അന്വേഷണത്തിൽ (ഇറക്കുമതി ചെയ്യുന്ന) സെമി കണ്ടക്ടറുകളെയും മൊത്തം ഇലക്ട്രോണിക് ഉത്പന്നങ്ങളെയും പരിശോധിക്കേണ്ടതുണ്ടെന്നു ട്രംപ് പറഞ്ഞു.
ചൈനയുടെ ഉത്പന്നങ്ങൾക്കു ചുമത്തിയ 145% തീരുവയിൽ നിന്നു ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു ഒഴിവ് നൽകിയതായി ട്രംപിന്റെ സഹായികൾ പറഞ്ഞുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ആപ്പിൾ പോലെ ചൈനയിൽ നിർമാണം നടത്തുന്ന കമ്പനികൾക്ക് അതു വലിയ ആശ്വാസമായി. ആപ്പിളിന്റെ 80% ഉത്പന്നങ്ങളും അസംബിൾ ചെയ്യുന്നത് ചൈനയിലാണ്. 145% തീരുവ ചുമത്തുമ്പോൾ ഐഫോണുകൾക്ക് $2,300 വരെ വില എത്തും.
വേറിട്ട തീരുവ വരുന്നുവെന്ന്
അത് ഒഴിവായി എന്ന് ആപ്പിൾ പോലുള്ള കമ്പനികൾ ആശ്വസിച്ചപ്പോഴാണ് ചൈനയിൽ നിന്നു വരുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കു വേറിട്ട തീരുവ വരുമെന്ന് ഞായറാഴ്ച്ച ട്രംപിന്റെ കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് എ ബി സി ടെലിവിഷനിൽ പറഞ്ഞത്. ട്രംപ് പറഞ്ഞത് അദ്ദേഹം വിശദീകരിച്ചു: "അദ്ദേഹം പറഞ്ഞത് ബദൽ താരിഫുകളിൽ നിന്ന് അവ ഒഴിവാണെന്നാണ്. പക്ഷെ അവ സെമി കണ്ടക്‌ടർ താരിഫുകളിൽ ഉൾപ്പെടുത്തി ഒന്നോ രണ്ടോ മാസത്തിനകം വരും. അധികം വൈകില്ല.
"ഈ ഉത്പന്നങ്ങളെല്ലാം സെമി കണ്ടക്‌ടർ വിഭാഗത്തിൽ പെടുത്തും. അവയ്ക്കു പ്രത്യേക വിധത്തിലുളള താരിഫ് ഉണ്ടാവും."
ചിപ്പുകളും ഫ്ലാറ്റ്-പാനൽ ടിവി കളും യുഎസിൽ നിർമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അവ സെമി കണ്ടക്‌ടർ വിഭാഗത്തിൽ വരും. "അവയുടെ തീരുവ ഒഴിവാക്കാൻ യുഎസിൽ നിർമിക്കുക എന്നതാണ് വഴി. അതിനൊക്കെ സൗത്ത് ഏഷ്യയെ ആശ്രയിക്കുക എന്ന അവസ്ഥ മാറണം."
താരിഫുകൾ 90 ദിവസത്തേക്കു മരവിപ്പിച്ചെന്നു പ്രഖ്യാപിക്കുമ്പോഴും ചൈനയുടെ മേലുള്ള 145% തുടരുമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.
ഔഷധങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്നത് അവ യുഎസിൽ നിർമിക്കണം എന്ന കാഴ്ചപ്പാട് കൊണ്ടാണെന്ന് ലുട്നിക് പറഞ്ഞു. "നമ്മുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങൾക്കും വിദേശരാജ്യങ്ങളിലേക്ക് ഉറ്റു നോക്കേണ്ടി വരുന്നത് ശരിയല്ല.
"അതു കൊണ്ട് മരുന്നുകളെ ഇപ്പോൾ ഒഴിവാക്കിയത് സ്ഥിരം അടിസ്ഥാനത്തിലല്ല."
No tariff exemption for electronics