
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിൽ നിന്ന് തൻ്റെ പുസ്തകത്തിന് ഇത്രയധികം പ്രചാരണം ലഭിക്കുമെന്ന് കാഷ് പട്ടേൽ പ്രതീക്ഷിച്ചിരിക്കാൻ സാധ്യതയില്ല. എന്നാൽ അതാണ് സംഭവിച്ചത്. ഫെഡറൽ കൈക്കൂലിക്കേസുകൾ റദ്ദാക്കിയതിന് പിന്നാലെ എറിക് ആഡംസ് തൻ്റെ വിജയം ആഘോഷിക്കുക മാത്രമല്ല, എഫ്ബിഐ തലവനും ട്രംപിൻ്റെ വിശ്വസ്തനുമായ കശ് പട്ടേലിൻ്റെ "ഗവൺമെൻ്റ് ഗാങ്സ്റ്റേഴ്സ്: ദി ഡീപ് സ്റ്റേറ്റ്, ദി ട്രൂത്ത് ആൻഡ് ദി ബാറ്റിൽ ഫോർ അവർ ഡെമോക്രസി" എന്ന പുസ്തകത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
2023-ൽ എഴുതിയ ഈ പുസ്തകം, സാങ്കൽപ്പികമായ ഡീപ് സ്റ്റേറ്റിനെക്കുറിച്ചും ജനാധിപത്യം എങ്ങനെ പുനഃസ്ഥാപിക്കാമെന്നതിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും കാരണം നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ആഡംസ് തന്റെ വിജയാഘോഷ വാർത്താ സമ്മേളനം അവസാനിപ്പിച്ചത് ന്യൂയോർക്കുകാരോട് പട്ടേലിന്റെ പുസ്തകം വായിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടാണ്. 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണയെങ്കിലും അദ്ദേഹം ഈ ആഹ്വാനം ആവർത്തിച്ചു. ഫ്ലാഗ്രന്റ് പോഡ്‌കാസ്റ്റിലും, ഫോക്സ് 5 അഭിമുഖത്തിലും, പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ് ബ്രീഫിംഗിലും അദ്ദേഹം പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.
ഈ പ്രോത്സാഹനങ്ങൾ പെട്ടെന്ന് തന്നെ ഫലം കണ്ടു. പുസ്തകത്തിന്റെ യുഎസ് പ്രിന്റ് വിൽപ്പന ഏകദേശം 800 ശതമാനം വർദ്ധിച്ചു, 228 കോപ്പികളിൽ നിന്ന് 2,019 കോപ്പികളായി ഉയർന്നു. 2023 ഒക്ടോബറിൽ പുസ്തകം ആദ്യമായി പുറത്തിറങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ആഴ്ചയിലെ വിൽപ്പനയാണിത്. ഈ കുതിച്ചുചാട്ടം തെറ്റായ വിവരങ്ങൾ നിറഞ്ഞ പുസ്തകത്തെ ആമസോണിന്റെ "ഏറ്റവും കൂടുതൽ വിറ്റഴിച്ച" നോൺ ഫിക്ഷൻ ലിസ്റ്റിൽ ആദ്യമായി 11-ാം സ്ഥാനത്ത് എത്തിച്ചു,
യുഎസ് സ്ഥാപനങ്ങളിൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്ന "ഡീപ് സ്റ്റേറ്റ്" ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങളാണ് പട്ടേലിന്റെ പുസ്തകത്തിൽ കൂടുതലും പറയുന്നത്. ആഡംസും ഈ കാഴ്ചപ്പാട് അംഗീകരിച്ചതായി കരുതാം .ഫ്ലാഗ്രന്റ് പോഡ്‌കാസ്റ്റിൽ, അദ്ദേഹം മറഞ്ഞിരുന്ന് പ്രവർത്തിക്കുന്ന "സ്ഥിരമായ സർക്കാർ" എന്ന ആശയം വീണ്ടും അവതരിപ്പിച്ചു. ഇത് പട്ടേലിന്റെ പ്രധാന വാദത്തെ പ്രതിഫലിപ്പിക്കുന്ന വാചാടോപമാണ്. ഫോക്സ് 5-ൽ, "കശ് പട്ടേലിന്റെ പുസ്തകം" സമീപ മാസങ്ങളിൽ തൻ്റെ ശ്രദ്ധയിൽപ്പെട്ട പുസ്തകമാണെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. അതെസമയം പട്ടേൽ, ഫെഡറൽ അധികാരം ദുരുപയോഗം ചെയ്യുന്നു, "റഷ്യൻ തട്ടിപ്പ്", ജനുവരി 6-ലെ ക്യാപിറ്റോൾ കലാപത്തിൽ എഫ്ബിഐയുടെ പങ്കാളിത്തം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയും ചെയ്യുന്നു.
English summary:
Amid controversies, Kash Patel’s book secures a spot on the best-seller list.