
ഷിക്കാഗോ: എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ഏപ്രിൽ മീറ്റിംഗ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹാളിൽ പ്രസിഡണ്ട് റവ ഫാദർ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. നമ്മുടെ ഉള്ളിൽ വസിക്കുന്നത് ദൈവത്തിന്റെ ശരീരം ആകുന്നു എന്ന് മനസ്സിലാക്കി നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
റവ എബി തോമസ് തരകൻ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഈ നോമ്പിന്റെ കാലയളവിൽ ക്രിസ്തു യേശുവിന്റെ ദർശനം നമ്മളിൽ അനുഭവിപ്പാനും, അത് മനസ്സിലാക്കി ജീവിക്കാനും നമ്മളെ യോഗ്യതയുള്ളവരാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ മാസത്തെ മീറ്റിംഗ് മിനിറ്റ്സ് സെക്രട്ടറി അച്ഛൻ കുഞ്ഞ് മാത്യു അവതരിപ്പിക്കുകയും കൗൺസിൽ പാസാക്കുകയും ചെയ്തു.
തുടർന്നു ഷെവലിയാർ ജോർജ് വർഗീസിനു തന്റെ സഭയിൽ നിന്ന് ലഭിച്ച ഡീക്കൻ പദവിക്കും , ഡീക്കൻ മാത്യു പൂഴിക്കുന്നേലിനു വൈദിക പദവിക്കും കൗൺസിൽ പ്രത്യേകം അനുമോദനങ്ങൾ അറിയിച്ചു.

യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോരിയോസ് കാതോലിക്കാ ബാവാക്കും കൗൺസിൽ അനുമോദനം അറിയിച്ചു.
നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ഷിക്കാഗോ മാർത്തോമ്മാ പള്ളി ഇടവക വികാരിയും മുൻ വർഷത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ പ്രസിഡന്റുമായിരുന്ന എബി എം തോമസ് തരകന് കൗൺസിലിന്റെ എല്ലാ മംഗളങ്ങളും അറിയിച്ചു. ഇടവക ചുമതലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ, സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് (PhD) നേടിയതിനു കൗൺസിൽ പ്രത്യേകം അനുമോദിച്ചു . പ്രിയ അച്ഛന്റെ വൈദിക പഠനങ്ങൾ കോട്ടയം സെമിനാരി വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ജോർജ് പണിക്കർ, മാത്യു മാപ്പിളേട്ട്, ജോൺസൺ കണ്ണൂക്കാടൻ, ബെഞ്ചമിൻ തോമസ്, സാം തോമസ്, എന്നിവർ കൗൺസിലിനു വേണ്ടി പുരസ്കാരവും, പൊന്നാട നൽകി ആദരിച്ചു .
എബി അച്ഛന്റെ മറുപടി പ്രസംഗത്തിൽ, യേശുക്രിസ്തുവിനെ തിരിച്ചറിയുവാനും അനുഭവിക്കാനും, അനുഗമിപ്പാനും നമ്മെ യോഗ്യതയുള്ളവരാകട്ടെ എന്ന് ആശംസിച്ചു . ജോയിന്റ് സെക്രട്ടറി ബെഞ്ചമിൻ തോമസ് നന്ദി അറിയിച്ചു. പ്രാർത്ഥന ആശിർവാദത്തോടെ യോഗം ഡിന്നറിന് ശേഷം അവസാനിച്ചു.
PRO's സാം തോമസ്-ജോൺസൻ വള്ളിയിൽ