
വെനസ്‌വേലൻ കുറ്റവാളികൾക്കൊപ്പം എൽ സാൽവദോറിലേക്കു നാടു കടത്തിയ മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയുടെ കാര്യത്തിൽ കോടതി ഉത്തരവ് അവഗണിക്കാൻ കൂടുതൽ സമ്മർദ തന്ത്രങ്ങൾ വേണ്ടെന്നു ട്രംപ് ഭരണകൂടത്തിനു കോടതി താക്കീതു നൽകി. തത്കാലം കോർട്ടലക്ഷ്യ നടപടികൾ എടുക്കുന്നില്ലെന്നും മെരിലാൻഡ് ഫെഡറൽ ജഡ്‌ജ് പോള സിനിസ് ചൊവാഴ്ച്ച പറഞ്ഞു.
ഗാർഷ്യയെ തിരിച്ചയക്കില്ലെന്നു സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിൽ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ, ഗാർഷ്യ സാൽവദോറിലെ കുപ്രസിദ്ധമായ എംഎസ്-13 കുറ്റവാളി സംഘത്തിൽ അംഗമാണെന്നു ട്രംപ് ഭരണകൂടം ആരോപിച്ചു. എന്നാൽ അത് തെളിയിക്കുന്ന ഒരു കോടതി രേഖ പോലുമില്ല.
ക്ലർക്കിനു പറ്റിയ തെറ്റ് മൂലം ഗാർഷ്യയെ തെറ്റായി കയറ്റി അയച്ചതാണെന്നു ഭരണകൂടം സമ്മതിച്ചിരുന്നു. എന്നാൽ ഏപ്രിൽ 7നു മുൻപ് തിരിച്ചു കൊണ്ടുവരണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജഡ്‌ജ് സിനിസ് ചൂണ്ടിക്കാട്ടി.
"മാനസിക സമ്മർദം ചെലുത്താനുള്ള ശ്രമങ്ങളോ കൈയ്യടി കിട്ടാനുള്ള തന്ത്രങ്ങളോ കോടതിയിൽ വിലപ്പോവില്ല," സിനിസ് താക്കീതു നൽകി. "ഒരു നടപടിയും എടുത്തിട്ടില്ല എന്നാണ് രേഖകൾ കാണിക്കുന്നത്. യാതൊന്നും."
ഭരണകൂടം എടുത്ത നടപടികൾ വിശദീകരിക്കാനും രേഖകൾ ഹാജരാക്കാനും ഏപ്രിൽ 23നു അവർ കോടതിയിൽ ഹാജരാവാൻ സിനിസ് ഉത്തരവിട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരെ ശാസിച്ചു
സുപ്രീം കോടതിയുടെ നിർദേശം പോലും അവഗണിച്ച ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരെ അവർ ശാസിച്ചു.
ഗാർഷ്യ രാജ്യത്തേക്ക് തിരിച്ചു വരാൻ ശ്രമിച്ചാൽ അനുവദിക്കുമെന്നു പറഞ്ഞു കോടതിയെ ബോധ്യപ്പെടുത്താനാണ് ഡിപ്പാർട്മെന്റ് അഭിഭാഷകർ ശ്രമിച്ചത്. എന്നാൽ അയാളെ ജയിലിൽ നിന്നു വിടില്ലെന്ന് സാൽവദോർ പ്രസിഡന്റ് തന്നെ പറയുന്നു.
അമേരിക്കൻ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത തന്റെ ഭർത്താവിനെ അഞ്ചു വയസുള്ള കുട്ടിയുടെ മുന്നിൽ വച്ച് പിടിച്ചു കൊണ്ട് പോയത് അറസ്റ്റ് വാറന്റ് പോലും ഇല്ലാതെയാണെന്നു ഗാർഷ്യയുടെ ഭാര്യ ജെനിഫർ പറഞ്ഞു. "അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു; അദ്ദേഹം അപ്രത്യക്ഷനായി. ഇന്ന് 34 ദിവസമായി. എന്റെ ഭർത്താവിനെ തിരിച്ചു കിട്ടുന്നതു വരെ ഞാൻ ഈ പോരാട്ടം തുടരും."
Judge warns DoJ over Garcia