
കലിഫോർണിയ സെനറ്റിൽ എത്തിയിട്ടുള്ള പുതിയൊരു ബിൽ ഖാലിസ്ഥാൻ അനുകൂലികളും ഇന്ത്യൻ പ്രവാസി സമൂഹവും തമ്മിൽ സംഘർഷത്തിനു കാരണമാവുമെന്നു ആശങ്ക. ബിൽ എസ്ബി 509 നിയമായാൽ അന്യരാജ്യങ്ങളിലെ ഗവൺമെന്റുകൾ യുഎസിൽ അടിച്ചമർത്തൽ നടത്താൻ ശ്രമിക്കുന്നതിനെതിരെ നടപടി എടുക്കാൻ പോലീസ് നിർബന്ധിതരാകും. അത് ഖാലിസ്ഥാൻ അനുകൂലികൾക്ക് സന്തോഷമാണ്.
എന്നാൽ ഇന്ത്യൻ അമേരിക്കൻ സമൂഹം ബില്ലിനെ എതിർക്കുന്നു. ഖാലിസ്ഥാൻ അനുകൂലികൾ അല്ലാത്ത സിഖുകാർ പോലും എതിർക്കുന്നുണ്ട്.
സ്റ്റേറ്റ് സെനറ്റിൽ ബിൽ ചർച്ച ചെയ്യുമ്പോൾ പുറത്തു ഖാലിസ്ഥാൻ വാദികളായ സിഖ്‌സ് ഫോർ ജസ്റ്റിസ് പാർട്ടി റാലി നടത്തി ബില്ലിന് പിന്തുണ അറിയിച്ചു.
പ്രവാസി സമൂഹത്തെ വിദേശ ഗവൺമെന്റിന്റെ പ്രോക്സിയായി ചിത്രീകരിക്കാൻ ബിൽ അവസരം നൽകുമെന്നു ഇന്ത്യൻ അമേരിക്കൻ സമൂഹം -- പ്രത്യേകിച്ച് ഹിന്ദുക്കളും സിഖുകാരും -- വാദിക്കുന്നു.
സ്റേറ് സെനറ്റർ അന്നാ ക്യാബല്ലെറോ കൊണ്ടുവന്ന ബില്ലിൽ അപ്പ്രോപ്രിയേഷൻസ് കമ്മിറ്റി ഈ മാസം ചർച്ച വച്ചിട്ടുണ്ട്. കാലിഫോർണിയ അസംബ്ലിയിലെ ആദ്യ സിഖ് അമേരിക്കൻ അംഗമായ ജസ്മീത് ബൈൻസ് പിന്തുണ നൽകുന്നു. 2023 മുതൽ ഈ ബില്ലിന്റെ പണികൾ ചെയ്തു വരികയായിരുന്നു ബൈൻസ്.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്‌ടർ സമീർ കൽറ ഈ ബില്ലിനെ ശക്തമായി എതിർക്കുമെന്നു പ്രഖ്യാപിച്ചു. പോലീസിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത് തടയാനുള്ള സുരക്ഷ ബില്ലിൽ ഇല്ലെന്നു അദ്ദേഹം പറയുന്നു.
ഹിന്ദു സമുദായത്തിനെതിരെ ഈ നിയമം ആയുധമാക്കാൻ കഴിയുന്ന അവ്യക്തത ബില്ലിൽ ഉണ്ടെന്നു കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക നേതാവ് സുധ ജഗന്നാഥൻ ചൂണ്ടിക്കാട്ടി.
CA bill draws flak from Indian Americans