
ന്യൂയോര്‍ക്ക് : കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന രാജു ചിറമണ്ണില്‍, തന്റെ തിരഞ്ഞെടുത്ത ഇരുപതു കഥകള്‍ ഉള്‍പ്പെടുന്ന 'ദൈവത്തിന്റെ പൊതിച്ചോറ്' എന്ന കഥാസമാഹാരം ഏപ്രില്‍ 19-ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കിലെ, 406 കിംഗ് സ്ട്രീറ്റ്, പോര്‍ട്ട് ചെസ്റ്ററില്‍ വെച്ച് ക്ഷണിക്കപ്പെട്ട സദസ്സിന്റെ ആഭിമുഖ്യത്തില്‍ പ്രകാശനം നടത്തപ്പെടുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പ്രവാസിയായി ഇന്ത്യയുടെ പല ഭാഗങ്ങളിലും, ന്യൂയോര്‍ക്കിലും ജീവിച്ച കഥാകൃത്തിന്റെ ആത്മനൊമ്പരങ്ങളും, ദീര്‍ഘനിശബ്ദ നിശ്വാസങ്ങളും, ജീവിതാനുഭവങ്ങളും ചേര്‍ത്തിണക്കി രചിച്ച ഈ കഥകള്‍ ഓരോ വായനക്കാരന്റേയും ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്നു.
അമേരിക്കയെന്ന കുടിയേറ്റഭൂമിയില്‍, മലയാളി സാഹിത്യകാരന്മാരുടെ തനതായ സാഹിത്യചരിത്രം എഴുതിച്ചേര്‍ക്കുവാനുള്ള ശ്രമത്തില്‍, കഴിഞ്ഞ നാലു പതിറ്റാണ്ടുകളില്‍ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ. രാജുചിറമണ്ണില്‍.

സഹജീവികളോടുള്ള സ്‌നേഹത്തിലും കരുണയിലും മാത്രമേ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ രൂപപ്പെടുന്നുള്ളൂ. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന സഹജീവികളുടെ നൊമ്പരങ്ങളും അവര്‍ കടന്നുപോകുന്ന ജീവിതാനുഭവങ്ങളും വ്യത്യസ്ത തലങ്ങളില്‍ രാജു ചിറമണ്ണിലിന്റെ തൂലികത്തുമ്പില്‍ നിന്നും പിറന്നു വീഴുമ്പോള്‍ വായനക്കാരനേയും വ്യത്യസ്ത അനുഭവങ്ങളിലേക്ക് ഓരോ കഥയും ക്കൂട്ടിക്കൊണ്ടുപോകുന്നു.
ധാരാളം പുരസ്‌കാരങ്ങള്‍ നേടിയ ഒരു കഥാകൃത്താണ് രാജു ചിറമണ്ണില്‍. തന്റെ സര്‍ഗ്ഗ ജീവിതത്തിന്റെ ആരംഭദശയില്‍ തൊട്ട് സമകാലീന വിഷയങ്ങള്‍ തന്റെ സൃഷ്ടികളില്‍ സംവേദിക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയും അത് ഒരളവില്‍ സാക്ഷാത്കരിക്കുകയും ചെയ്ത എഴുത്തുകാരനാണ് രാജു ചിറമണ്ണില്‍.
മനുഷ്യസ്‌നേഹത്തിന്റേയും നന്മയുടേയും, സൗരഭ്യം വിതറുന്ന ഇരുപതുകഥകള്‍ പ്രസിദ്ധീകരിക്കുന്ന ഈ കഥാസമാഹാരത്തിന് എല്ലാ ആശംസകളും നേരുന്നു.