
ഫിലാഡൽഫിയ: നാല് പതിറ്റാണ്ടോളം ഇന്ത്യയിൽ ആതുരസേവനം നടത്തിയ അമേരിക്കൻ നഴ്സിംഗ് അധ്യാപിക സിസ്റ്റർ മേരി ഹാമിൽട്ടൺ (സിസ്റ്റർ മേരി അക്വിനാസ് എംഎംഎസ്) ഫിലാഡൽഫിയയിൽ ഞായറാഴ്ച അന്തരിച്ചു. ഒരിക്കൽ കൂടി ഇന്ത്യയിൽ വരണമെന്നുള്ള മോഹം ബാക്കിയാക്കിയാണ് സിസ്റ്റർ മേരി ഹാമിൽട്ടൺ മടങ്ങിയത് .
1950-കളുടെ തുടക്കത്തിൽ മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ സിസ്റ്റർ മേരി അക്വയിനസ് ഹാമിൽട്ടൺ 43 വർഷത്തോളം കേരളത്തിലെ ഭരണങ്ങാനം, തമിഴ്നാട്ടിലെ കൊടൈക്കനാൽ, ഡൽഹി, ബീഹാർ എന്നിവിടങ്ങളിൽ ആതുരസേവനം നടത്തി. ആയിരക്കണക്കിന് ഇന്ത്യൻ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പാശ്ചാത്യ നഴ്സിംഗ് രീതികളിൽ വിദഗ്ധ പരിശീലനം നൽകിയ അവർക്ക് മലയാളി നഴ്സുമാരോട് പ്രത്യേക ഇഷ്ടമായിരുന്നു. അവരുടെ ജോലിയിലെ മികവും അർപ്പണബോധവും സിസ്റ്റർ മേരിയെ ഏറെ ആകർഷിച്ചു.
പിയാനോ നേതാവ് ബ്രിഡ്‌ജറ്റ് വിൻസന്റ് ഉൾപ്പടെ അവരുടെ നിരവധി വിദ്യാർത്ഥികൾ അമേരിക്കയിലുണ്ട്. ഹോളി ഫാമിലി മെഡിക്കൽ മിഷൻ ഇൻ ഇന്ത്യ (HFMMIA) അലുമ്‌നായി പ്രസിഡന്റ് ആഗ്നസ് മാത്യു (ഷിക്കാഗോ) അവരുടെ വേർപാടിൽ അനുശോചിച്ചു.

ഇന്ത്യ സമ്മാനിച്ച നല്ല ഓർമ്മകളാണ് അവരുടെ വിശ്രമ ജീവിതത്തിന് ഊർജ്ജം പകർന്നത്. അവർക്കൊപ്പം ഇന്ത്യയിൽ സേവനമനുഷ്ഠിച്ച സിസ്റ്റർ കാരൾ ഹസ് ഇപ്പോൾ ഫിലഡൽഫിയയിൽ വിശ്രമജീവിതം നയിക്കുന്നു. ന്യൂഡൽഹിയിലെ ഹോളി ഫാമിലി മെഡിക്കൽ മിഷൻ ഇൻ ഇന്ത്യ (HFMMIA) ഉൾപ്പെടെ ഇന്ത്യയിലെ വിവിധ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുകളിൽ ഇരുവരും ഒരേ സമയം നഴ്സിംഗ് അധ്യാപകരായിരുന്നു.
ലോകത്തിലെ പ്രമുഖ ആശുപത്രികളും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളുമുള്ള ഫിലഡൽഫിയയിലെ സാമൂഹിക രംഗത്ത് സജീവമായി ഇടപഴകുമ്പോഴും ഇവരുടെ ഓർമ്മകൾ നിറയെ ഇന്ത്യയും കേരളവുമായിരുന്നു .

38 വർഷം ഇന്ത്യയിൽ ജീവിച്ച സിസ്റ്റർ കാരൾ ഹസ്സിനും ഇന്ത്യയെയും കേരളത്തെയും കുറിച്ചുള്ള ഓർമ്മകൾ മധുരതരമാണ്. ഒരിക്കൽ കൂടി കേരളത്തിൽ എത്തണമെന്ന് അവരും ആഗ്രഹിക്കുന്നു. ഇന്ത്യ നൽകിയ നല്ല ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ അധ്യാപിക ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.
സംസ്കാര ശുശ്രുഷ
2025 ഏപ്രിൽ 22-ന് ചൊവ്വാഴ്ച ഫിലാഡൽഫിയയിലെ 8400 പൈൻ റോഡിലുള്ള മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ചാപ്പലിൽ സിസ്റ്റർ അക്വിനാസിൻ്റെ സംസ്കാര ശുശ്രൂഷ നടക്കും . സിസ്റ്റർ മേരി അക്വിനാസിൻ്റെ ഭൗതിക ശരീരം 8:45-ന് ചാപ്പലിൽ കൊണ്ടുവരും . അനുസ്മരണ പ്രാർത്ഥന കൃത്യം 9:00-ന് ആരംഭിക്കും. 10:30 AM-ന് സംസ്കാര ദിവ്യബലി നടക്കും. റവ. ബർണാർഡ് ഫാർലിയുടെ കാർമികത്വത്തിൽ ആയിരിക്കും ചടങ്ങുകൾ നടക്കുക.
Edited: രഞ്ജിനി രാമചന്ദ്രൻ