Image

തന്റെ ജീവൻ സംരക്ഷിക്കാൻ പ്രയത്നിച്ചവർക്ക് കൂടിക്കാഴ്ചയനുവദിച്ച് ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര Published on 16 April, 2025
തന്റെ ജീവൻ സംരക്ഷിക്കാൻ പ്രയത്നിച്ചവർക്ക് കൂടിക്കാഴ്ചയനുവദിച്ച് ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ :ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും തുടർന്ന് കടുത്ത ന്യുമോണിയയും മൂലം റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ, തന്റെ വസതിയായ സാന്താ മാർത്തയിൽ തുടർചികിത്സയിലായിരിക്കുന്നതിനിടെ കഴിഞ്ഞ രണ്ടു മാസത്തോളമായി തന്റെ ജീവൻ സംരക്ഷിക്കാനായി പ്രയത്നിച്ച ആരോഗ്യപ്രവർത്തകർക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു.

ഏപ്രിൽ 16 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ഹോളിനുബന്ധിച്ചുള്ള ഒരു ചെറുശാലയിലാണ്, തന്റെ രോഗാവസ്ഥയിൽ തനിക്ക് ശുശ്രൂഷ ചെയ്ത, ജെമെല്ലി പോളിക്ലിനിക്കിലെയും, കത്തോലിക്കാ യുണിവേഴ്സിറ്റിയിലെയും, വത്തിക്കാനിലെ ആരോഗ്യ, ശുചിത്വവിഭാഗത്തിലേതുമായ എഴുപതോളം ആളുകൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്.

തനിക്ക് നൽകിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഏവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകി. ജെമെല്ലി ആശുപത്രിയിലെ ചികിത്സകൾ "വളരെ നന്നായിരുന്നുവെന്ന്" വിശേഷിപ്പിച്ച പാപ്പാ, ഈ സേവനം തുടരാൻ ആഹ്വാനം ചെയ്തു.

കത്തോലിക്കാ യുണിവേഴ്സിറ്റി റെക്ടർ എലേന ബെക്കാല്ലി ഉൾപ്പെടെ, കൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയ ഏവരെയും പാപ്പാ വ്യക്തിപരമായി അഭിസംബോധനചെയ്യുകയും നന്ദി പറയുകയും ചെയ്തു.

കൂടിക്കാഴ്ചാസമ്മേളനത്തിന്റെ ആരംഭത്തിൽ സംസാരിച്ച ജെമെല്ലി സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ, ഡാനിയേലെ ഫ്രാങ്കോ പാപ്പായ്ക്ക് ഈസ്റ്റർ മംഗളങ്ങളും സൗഖ്യവും ആശംസിച്ചിരുന്നു.

സമ്മേളനം ഏതാണ്ട് ഇരുപത് മിനിറ്റുകൾ നീണ്ടുവെന്ന് പ്രെസ് ഓഫീസ് അറിയിച്ചു. ജെമെല്ലി ആശുപത്രിയിൽനിന്ന് തിരികെ വത്തിക്കാനിലെത്തിയ പാപ്പായ്ക്ക് രണ്ടു മാസത്തേക്ക് ചികിത്സയോടുകൂടിയ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചകളായി പാപ്പാ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടേതുമുൾപ്പെടെയുള്ള ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടും, പ്രാർത്ഥനയ്ക്കായും പല പ്രാവശ്യം പുറത്തെത്തിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക