
യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിലെ ഇന്ത്യൻ വിദ്യാർഥിയുടെ വിസ ട്രംപ് ഭരണകൂടം റദ്ദാക്കിയത് ഫെഡറൽ ജഡ്‌ജ് താത്കാലികമായി തടഞ്ഞു. മേയിൽ കംപ്യൂട്ടർ എൻജിനിയറിംഗ് ബിരുദം ലഭിക്കേണ്ട കൃഷ് ലാൽ ഇസെർദാസനിയുടെ (21) എഫ്-1 വിസ റദ്ദാക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടവിൽ വയ്ക്കുന്നതിൽ നിന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനെയും ഇമിഗ്രെഷൻ അധികൃതരെയും ഫെഡറൽ ജഡ്‌ജ് വില്യം കോൺലി തടഞ്ഞു.
സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം (സെവിസ്) അനുസരിച്ചു എത്തിയ നൂറു കണക്കിനു വിദ്യാർഥികളുടെ വിസകൾ 29 സംസ്ഥാനങ്ങളിലെങ്കിലും ഇതു പോലെ റദ്ദാക്കി വരുന്നുണ്ട്. 1952ലെ ഒരു നിയമമാണ് അതിനു അടിസ്ഥാനമാക്കുന്നത്. ലഹരി കഴിച്ചു വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയും വിസ റദ്ദാക്കുന്നുണ്ട്.
ഇസെർദാസനിയുടെ രേഖകൾ ഒരു മുന്നറിയിപ്പും ഇല്ലാതെ സെവിസ് പ്രോഗ്രാമിൽ നിന്നു നീക്കം ചെയ്തിരുന്നു. അതേ തുടർന്നാണ് അദ്ദേഹം കോടതിയിൽ പോയത്. മുന്നറിയിപ്പ് നൽകാതെയും വിശദീകരണത്തിനു അവസരം നൽകാതെയുമായിരുന്നു നടപടിയെന്നു അഭിഭാഷക ശബ്‌നം ലോഫ്ത്തി കോടതിയിൽ ചൂണ്ടിക്കാട്ടി.
"ഈ അന്താരാഷ്ട്ര വിദ്യാർഥികൾ യാതൊരു തെറ്റും ചെയ്തിട്ടില്ല," ലോഫ്ത്തി പറഞ്ഞു. "അവർ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ട്. ഈ നടപടി അന്യായമാണ്. അമേരിക്ക അതിനെ അപലപിക്കണം. സ്വന്തം രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി അധികാരം ദുർവിനിയോഗം ചെയ്യുന്ന ഭരണകൂടത്തെ തടയണം."
ഇസെർദാസനിയുടെ പേരിൽ 2024 നവംബറിൽ ഒരു അടിപിടി പരാതി ഉണ്ടായെങ്കിലും ഡെയ്ൻ കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണി ഇസ്മയിൽ ഒസാൻ കേസ് ചുമത്താൻ തയാറായില്ല.
വിദ്യാർഥിയുടെ പേരിൽ കുറ്റമൊന്നും കണ്ടില്ലെന്നു കോടതി പറഞ്ഞു. അന്യായമായി വിസ റദ്ദാക്കി എന്ന വാദത്തിനു ന്യായമായ വിജയം കണ്ടെത്താൻ സാധ്യതയുണ്ടെന്നു ജഡ്‌ജ് കോൺലി പറഞ്ഞു. തുടർ വിചാരണ ഏപ്രിൽ 28നു നടക്കും.
വിസ റദ്ദാക്കപ്പെട്ട വിദേശവിദ്യാർഥി കോടതിയിൽ വിജയം നേടുന്നത് ഇതാദ്യമാണ്.
Indian student gets stay against visa revocation