
കോടതി വിലക്കു ലംഘിച്ചു നാടുകടത്തൽ നടത്തിയതിനു ട്രംപ് ഭരണകൂടത്തിനെതിരെ കോർട്ടലക്ഷ്യ നടപടി എടുക്കാൻ അന്വേഷണം ആരംഭിക്കുമെന്നു വാഷിംഗ്‌ടണിൽ ഫെഡറൽ ജഡ്‌ജ് ജെയിംസ് ബോസ്‌ബർഗ് താക്കീതു നൽകി.
വെനസ്വേലൻ കുറ്റവാളികൾ എന്ന് ആരോപിക്കപ്പെട്ടവരെ എൽ സാൽവദോറിലേക്കു കൊണ്ടു പോകുന്നത് തടയുകയും ആ രണ്ടു വിമാനങ്ങൾ തിരിച്ചിറക്കാൻ ഉത്തരവിടുകയും ചെയ്ത ബോസ്‌ബർഗ് പറയുന്നത് ആ ഉത്തരവുകൾ ഗവൺമെന്റ് അനുസരിച്ചില്ല എന്നാണ്. ഉത്തരവ് ലഭിക്കും മുൻപാണോ അതിനു ശേഷമാണോ വിമാനങ്ങൾ പറന്നുയർന്നത് എന്ന കാര്യത്തിൽ വിശദീകരണം നല്കാൻ ഗവൺമെന്റ് തയാറായിട്ടുമില്ല.
ദേശരക്ഷാ രഹസ്യമായതു കൊണ്ട് അത് വിശദീകരിക്കാൻ കഴിയില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
ബുധനാഴ്ച്ച 46 പേജുള്ള തീർപ്പിലാണ് കോർട്ടലക്ഷ്യ അന്വേഷണം ബോസ്‌ബർഗ് പ്രഖ്യാപിച്ചത്. ഒരു മാസമായി നൽകാൻ വിസമ്മതിക്കുന്ന വിവരങ്ങൾ ഉടൻ നൽകിയാൽ മാത്രമേ നടപടികൾ ഒഴിവാക്കാൻ കഴിയൂ.
ഏലിയൻ എനിമീസ് ആക്ട് എന്ന 1798ലെ നിയമം ഉപയോഗിച്ചാണ് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ അവരെ എൽ സാൽവദോറിലേക്കു അയച്ചത്. "കോടതി തിരക്കിട്ടു തീരുമാനം എടുത്തിട്ടില്ല," ബോസ്‌ബർഗ് ചൂണ്ടിക്കാട്ടി. വിശദീകരണം നൽകാൻ ആവശ്യത്തിന് സമയം നൽകി. എന്നാൽ അവരുടെ പ്രതികരണം തെല്ലും തൃപ്തികരമായില്ല."
ആ കൂട്ടത്തിൽ കയറ്റി അയച്ച മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ ഫെഡറൽ ജഡ്‌ജ് പോള സിനിസ് ഉത്തരവിട്ടതും ഗവൺമെന്റ് അനുസരിച്ചില്ല. 'ക്ലർക്കിന്റെ പിഴവ് മൂലം' ആണ് ഗാർഷ്യയെ അയച്ചതെന്നു ഭരണകൂടം പറഞ്ഞിരുന്നു. എന്നാൽ തിരിച്ചു കൊണ്ടുവരാൻ നടപടി എടുത്തതായി അവർ കോടതിയിൽ പറഞ്ഞിട്ടില്ല. ഏപ്രിൽ 28നകം വിവരങ്ങൾ നല്കിയില്ലെങ്കിൽ നടപടി എടുക്കുമെന്ന് സിനിസ് താക്കീതു നൽകിയിട്ടുണ്ട്.
ഈ രണ്ടു കേസുകളും എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുളള ഏറ്റുമുട്ടലിലേക്കു എത്തിയിരിക്കുകയാണ്.
ബോസ്‌ബർഗിന്റെ ഉത്തരവിനെതിരെ അപ്പീൽ പോകുമെന്നു വൈറ്റ് ഹൗസ് പറഞ്ഞു.
Court to probe Trump administration for contempt