
കോഴിക്കോട്: പ്രശസ്ത കളിയെഴുത്തുകാരനും പത്രപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററുമായ കെ. അബൂബക്കറിനെ സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കെ അബൂബക്കറിന്റെ എഴുത്തിലൂടെയാണ് കളിയുടെ മര്‍മ്മം അക്കാലത്ത് അറിഞ്ഞിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കളിക്കാരെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ എഴുത്ത് വലിയ പങ്കുവഹിച്ചു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സമൂഹത്തിന്റെ എല്ലാ ചലനങ്ങളും അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി ഓര്‍മിച്ചു. കെ. അബൂബക്കറിനുള്ള ഉപഹാരസമര്‍പ്പണവും പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പ്രശസ്ത ചിത്രകാരൻ മദനൻ രൂപകൽപ്പന ചെയ്ത ശിൽപ്പമാണ് സമ്മാനിച്ചത്. കെ അബൂബക്കറിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

അത്‌ലറ്റ് എന്ന നിലയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം കിട്ടിയത് കെ. അബൂബക്കര്‍ എന്ന കളിയെഴുത്തുകാരനില്‍ നിന്നാണെന്ന് മുഖ്യാതിഥിയായ ഒളിമ്പ്യന്‍ പി.ടി ഉഷ എം.പി പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് പി. പി അബൂബക്കര്‍ അധ്യക്ഷനായി.
മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി. ദാമോദരന്‍ ആദരപ്രഭാഷണം നടത്തി.

മുന്‍ ഇന്ത്യൻ ഗോള്‍ കീപ്പര്‍മാരായ വിക്ടര്‍ മഞ്ഞില, കെ.പി സേതുമാധവന്‍, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മുന്‍ മേധാവി ഇ.ജെ ജേക്കബ്, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, കെ.ഡി.എഫ്.എ സെക്രട്ടറി കെ. ഷാജേഷ്, ഡോ. കെ. മൊയ്തു, സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍, സി.പി.എം. സഈദ് അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാര്‍ സ്വാഗതവും സാംസ്‌കാരികവിഭാഗം കണ്‍വീനര്‍ കെ. എഫ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.