
ഭുവനേശ്വർ: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി മഹേന്ദ്ര ഹെംബ്രാമിന് 25 വർഷത്തിനു ശേഷം ജയിൽ മോചനം. ജയിലിലെ നല്ല പെരുമാറ്റത്തിന്‍റെ പേരിൽ ഒഡീഷയിലെ ബിജെപി സർക്കാർ അമ്പതുകാരനായ ഹെംബ്രാമിനെ വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച പുറത്തിറങ്ങിയ ഹെംബ്രാമിനെ വിഎച്ച്പി പ്രവർത്തകർ ഹാരമണിയിച്ചു സ്വീകരിച്ചു. എന്നാൽ, മതവിദ്വേഷത്തിന്‍റെ പേരിൽ കൂട്ടക്കൊല നടത്തിയ ഒരാളെ മോചിപ്പിക്കുന്നത് എന്തു സന്ദേശമാണു നൽകുന്നതെന്നു കോൺഗ്രസ് ചോദിച്ചു. 1999 ജനുവരി 21ന് രാത്രി കിയോഝർ ജില്ലയിലെ മനോഹർപുരിൽ വില്ലിസ് വാഗണിൽ ഉറങ്ങുകയായിരുന്ന സ്റ്റെയിൻസ്, മക്കളായ ഫിലിപ്, തിമോത്തി എന്നിവരെയാണു മുഖ്യപ്രതി രബീന്ദ്ര പാൽ സിങ്ങും (ധാരാ സിങ്) ഹെംബ്രാമും ഉൾപ്പെട്ട ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
സ്റ്റെയിൻസിന്‍റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്തായതിനാൽ രക്ഷപെട്ടു.
ആദിവാസികളെ കൂട്ടമതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചായിരുന്നു സുവിശേഷകനെ സംഘപരിവാര്‍ ബന്ധമുള്ള ബജ്‌റംഗ്ദള്‍ സംഘം കൊലപ്പെടുത്തിയത്. കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സുവിശേഷകനാണ് കൊലപ്പെട്ട ഗ്രഹാം. കേസിൽ 14 പ്രതികളുണ്ടായിരുന്നെങ്കിലും ധാരാസിങ്ങും ഹെംബ്രാമും മാത്രമാണു ശിക്ഷിക്കപ്പെട്ടത്