
2028ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ഏറ്റവും സാധ്യതയുള്ളവരിൽ ന്യൂ യോർക്കിൽ നിന്നുള്ള ഇടതുപക്ഷ കോൺഗ്രസ് അംഗം റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസിനു (എ ഓ സി) സർവേയിൽ ശക്തമായ പിന്തുണ.
യേൽ യൂണിവേഴ്സിറ്റി ഈയാഴ്ച്ച നടത്തിയ പോളിംഗിൽ പാർട്ടിയുടെ കരുത്തരായ 2028 പ്രസിഡന്റ് സ്ഥാനാർഥികളെ പിന്നിലാക്കി 35 കാരി രണ്ടാം സ്ഥാനത്തു എത്തി. മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മാത്രമാണ് അവരെക്കാൾ മുന്നിൽ.
ഹാരിസ് 28% നേടി ഏറ്റവും പിന്തുണയുള്ള സ്ഥാനാർഥിയാവുമ്പോൾ എ ഓ സിക്ക് 21% ഉണ്ട്. ബൈഡൻ ഭരണകൂടത്തിൽ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ആയിരുന്ന പീറ്റ് ബുട്ടിഗിഗ് 14% ആണ് നേടിയത്.
എന്നാൽ എ ഓ സിയുടെ പിന്തുണ 62% വരെ ഉയർന്നാണ് നിൽക്കുന്നത്. അവരെ കുറിച്ച് 'ശക്തമായ അനുകൂല' അഭിപ്രായമാണ് ഉള്ളതെന്നു സർവേയിൽ 41% പേർ പറഞ്ഞു.
2018ലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ 10 തവണ കോൺഗ്രസ് അംഗമായിരുന്ന ജോ ക്രോളിയെ അട്ടിമറിച്ചു ജയിച്ചു കയറുമ്പോൾ 29 വയസ് മാത്രം ഉണ്ടായിരുന്ന എ ഓ സി പിന്നീട് 'സ്‌ക്വാഡ്' എന്നറിയപ്പെടുന്ന പ്രോഗ്രസീവ് വിഭാഗത്തിലെ സജീവ അംഗമായതു മുതൽ നിരന്തരം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സർവേയിൽ 11.7% പേർ മാത്രമാണ് എ ഓ സിയെ അറിയില്ലെന്നോ അവരെ കുറിച്ച് അഭിപ്രായം ഇല്ലെന്നോ പറഞ്ഞത്.
ഇലെക്ഷൻ ഡാറ്റയുടെ അടിസ്ഥാനത്തിൽ പ്രവചനം നടത്തുന്ന നേറ്റ് സിൽവറും എ ഓ സിയെ സ്ഥാനാർഥിയാവാൻ ഏറ്റവും സാധ്യതയുള്ള നേതാവായി കാണുന്നു. അവർക്കു അനുകൂലമായി നിരവധി ഘടകങ്ങൾ ഉണ്ടെന്നു സിൽവർ ഒരു പോഡ്‌കാസ്റ്റിൽ ചൂണ്ടിക്കാട്ടി. "അവർക്കു പാർട്ടിയിൽ വിശാലമായ പിന്തുണയുണ്ട്. ഊർജിതമായ പിന്തുണ. 2028ൽ ഒട്ടേറെ സ്‌ഥാനാർഥികൾ ഉണ്ടാവും എന്നാണ് എന്റെ പ്രതീക്ഷ."
സെനറ്റർ ബെർണി സാൻഡേഴ്‌സിനൊപ്പം ഫൈറ്റിങ് ഒളിഗാർക്കി എന്ന രാജ്യവ്യാപക ടൂറിൽ പങ്കെടുത്ത എ ഓ സിക്ക് 2028 ലക്ഷ്യമുണ്ടെന്നു പോഡ്‌കാസ്റ് ഹോസ്റ്റ് ഗാലൻ ദ്രുക് ചൂണ്ടിക്കാട്ടി. യേൽ സർവേയും അദ്ദേഹം എടുത്തു പറഞ്ഞു.
2028ൽ ന്യൂ യോർക്കിൽ നിന്നു സെനറ്റ് സീറ്റ് തേടാനും അവർക്കു ഉയർന്ന സാധ്യതയുണ്ടെന്നു സിൽവർ പറഞ്ഞു. സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമറെക്കാൾ മുന്നിലാണ് അവർ.
കമലാ ഹാരിസ് വളരെ മൃദുഭാവമുള്ള സ്ഥാനാർഥിയാണ് എന്നാണ് വിലയിരുത്തൽ. 2024ൽ എല്ലാ യുദ്ധഭൂമികളും തോറ്റ അവരെക്കാൾ പാർട്ടി ഇഷ്ടപ്പെടുന്നത് തീ തുപ്പുന്ന എ ഓ സിയെ ആയിരിക്കും എന്നാണ് ഒരു വ്യാഖ്യാനം.
അവർ സ്ഥാനാർത്ഥിയായാൽ ഡെമോക്രാറ്റ്സ് വിജയം കാണുന്ന പ്രശ്നമില്ലെന്നു 'നാഷനൽ റിവ്യൂ' വിന്റെ റിച് ലോറി പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടി എ ഓ സിയുടെ സോഷ്യലിസ്റ്റ് ചായ്‌വ് ഉയർത്തി ആക്രമിക്കും. ഭരണ പരിചയം ഇല്ലെന്ന പ്രശ്നവുമുണ്ട്.
എന്നാൽ വലതു പക്ഷത്തു ട്രംപിനു ലഭിക്കുന്ന ജനക്കൂട്ടമാണ് ഇടതുപക്ഷത്തു അവർക്കു ലഭിക്കുന്നത്. ഐഡഹോയിൽ അടുത്തിടെ ഒരു റാലി കഴിഞ്ഞപ്പോൾ അവരെ 'റോക്ക് സ്റ്റാർ' എന്ന് വിളിക്കാൻ ആരാധകരുണ്ടായി.
AOC seen top favorite for 2028