
വെനസ്വേലൻ കുറ്റവാളികൾക്കൊപ്പം ട്രംപ് ഭരണകൂടം അബദ്ധത്തിൽ നാടു കടത്തിയ മെരിലാൻഡ് നിവാസി കിൽമാർ അർമാൻഡോ അബ്‌റീഗോ ഗാർഷ്യയെ (29) എൽ സാൽവദോറിൽ യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളൻ (ഡെമോക്രാറ്റ്-മെരിലാൻഡ്) സന്ദർശിച്ചു.
സെനറ്റ് വിദേശകാര്യ സമിതി അംഗം കൂടിയായ വാൻ ഹോളൻ വ്യാഴാഴ്ച്ച രാത്രി ഗാർഷ്യയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. സാൻ സാൽവദോറിൽ ഗാർഷ്യയെ പാർപ്പിച്ചിട്ടുള്ള കുപ്രസിദ്ധ ജയിലിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട സെനറ്റർ ഒരു ഹോട്ടലിൽ വച്ചാണ് ഗാർഷ്യയെ കണ്ടത്. സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് ഗാർഷ്യ എത്തിയത്.
"ഗാർഷ്യ സുഖമായിരിക്കുന്നു എന്നു ഉറപ്പു വരുത്താൻ മാത്രമാണ് ഞാൻ വന്നത്," വാൻ ഹോളൻ നേരത്തെ പറഞ്ഞു. "യുഎസിൽ നിന്നു നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോയ ശേഷം അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്നു ആർക്കും അറിയില്ല."
ജയിൽ സന്ദർശനം തടഞ്ഞത് തന്നെ ഒഴിവാക്കാൻ കരുതിക്കൂട്ടി നടത്തിയ ശ്രമം ആണെന്നു സെനറ്റർ ആരോപിച്ചു. നേരത്തെ ഗാർഷ്യയുമായി ഫോണിൽ സംസാരിക്കാനുള്ള അനുമതിയും അദ്ദേഹത്തിനു നിഷേധിച്ചിരുന്നു.
"എന്റെ സന്ദർശനം കിൽമറെ കാണാൻ മാത്രം ആയിരുന്നു," വാൻ ഹോളൻ കുറിച്ചു. "അദ്ദേഹത്തിന്റെ ഭാര്യ ജെനിഫറെ വിളിച്ചു ഞാൻ അദ്ദേഹത്തിന്റെ സ്നേഹം അറിയിച്ചു. തിരിച്ചു വന്നിട്ട് കൂടുതൽ കാര്യങ്ങൾ പറയാം.
വലിയ വെല്ലുവിളിയാണ് നമ്മൾ നേരിടുന്നത്
"ഇതൊരു ഹൃസ്വമായ മാനുഷിക സന്ദർശനം മാത്രമാണ്. വലിയ വെല്ലുവിളിയാണ് നമ്മൾ നേരിടുന്നത്."
യുഎസ് നാട് കടത്തിയവരെ ജയിലിൽ പാർപ്പിക്കുന്നതിനു $6 മില്യൺ കിട്ടുമെന്ന് പറഞ്ഞിരുന്ന എൽ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ വ്യാഴാഴ്ച്ച വാൻ ഹോളന്റെ സന്ദർശനത്തെ പരിഹസിച്ചു. സെനറ്ററും ഗാർഷ്യയും ഒന്നിച്ചിരുന്നു മാർഗരീറ്റ കഴിക്കുന്ന ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ കയറ്റി. "കിൽമർ ആരോഗ്യവാനായി ഇരിക്കുന്നു എന്ന് ഉറപ്പായല്ലോ. അദ്ദേഹത്തിന് ഇനി എൽ സാൽവദോർ കസ്റ്റഡിയിൽ തുടരാനുളള ബഹുമതി നൽകുന്നു," ബുക്കളെ കുറിച്ചു.
ഗാർഷ്യയെ തിരിച്ചു കൊണ്ടുവരണം എന്ന കോടതി വിധി ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടില്ല. വ്യാഴാഴ്ച്ച ഇക്കാര്യം ഉന്നയിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് പറഞ്ഞു: "എനിക്ക് അതുമായി ബന്ധമില്ല. നിങ്ങൾ ജസ്റ്റിസ് ഡിപ്പാർട്മെന്റുമായി സംസാരിക്കുക."
ക്ലർക്കിനു പറ്റിയ കൈയബദ്ധമാണ് ഗാർഷ്യയുടെ നാടു കടത്തലിൽ കലാശിച്ചതെന്ന ഭരണകൂടത്തിന്റെ കുറ്റസമ്മതവും അപ്രസക്തമാക്കാനാണ് ഇപ്പോൾ ഗാർഷ്യ സാൽവദോറിലെ എംഎസ്-13 കുറ്റവാളി സംഘ അംഗമാണ് എന്ന വാദം അറ്റോണി ജനറൽ പാം ബോണ്ടി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. രണ്ടു കോടതികൾ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ ആവശ്യപ്പെടുമ്പോഴും ഈ തെളിവില്ലാത്ത വാദം ഉയർത്തുകയാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ്. ഗാർഷ്യയെ ഒരു കോടതിയും ഒരു കേസിലും കുറ്റക്കാരനായി കണ്ടിട്ടില്ല.
ഇതൊരു ശക്തമായ മനുഷ്യാവകാശ വിഷയമായി ഡെമോക്രറ്റുകൾ കാണുന്നു.
Democratic Senator visits Garcia