
ജന്മാവകാശ പൗരത്വം സംബന്ധിച്ച് വാദം കേൾക്കാമെന്നു യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച്ച സമ്മതിച്ചു. യുഎസിൽ ജനിക്കുന്നവർക്കു പൗരത്വത്തിനു അവകാശം നൽകുന്ന നിയമം അസാധുവാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് ചോദ്യം ചെയ്യുന്ന അപേക്ഷകൾ പരിഗണിച്ചാണിത്.
പരമാധികാര കോടതി വൈകാതെ ഈ വിഷയം ഏറ്റെടുക്കുമെന്നു ഹൃസ്വമായ ഉത്തരവിൽ പറയുന്നു. അതു വരെ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാൻ ആവില്ല. മെയ് 15നു വാദങ്ങൾ ആരംഭിക്കും.
കീഴ്കോടതികൾ പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കുന്നതിനു താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതെ തുടർന്നാണ് ഗവൺമെൻറ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഭരണഘടനാ വിഷയങ്ങളിലേക്കു കടക്കാൻ ഭരണകൂടം അഭ്യർഥിച്ചിട്ടില്ല.
കോടതി തീരുമാനത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. "ജന്മാവകാശ പൗരത്വം അടിമത്തവുമായി ബന്ധപ്പെട്ടതാണ്," അദ്ദേഹം വാദിച്ചു. "ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ് ഈ വിഷയം."
ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ന്യൂ ജേഴ്‌സി അറ്റോണി ജനറൽ മാത്യു ജെ. പ്ലാറ്റ്കിൻ ചൂണ്ടിക്കാട്ടി. "ഒരാൾക്കു തോന്നുമ്പോൾ അസാധുവാക്കാൻ കഴിയുന്നതല്ല അത്."
Supreme Court to hear birthright case