Image

ലൊസാഞ്ചലസിലെങ്ങും ഒളിംപിക്‌സ് എത്തിക്കാന്‍ നീക്കം (സനില്‍ പി. തോമസ്)

Published on 18 April, 2025
ലൊസാഞ്ചലസിലെങ്ങും ഒളിംപിക്‌സ് എത്തിക്കാന്‍ നീക്കം (സനില്‍ പി. തോമസ്)

ലൊസാഞ്ചലസില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ഉയര്‍ത്തിയ ആശങ്കകള്‍ അകന്നു. ലൊസാഞ്ചലസിന്റെ മുക്കിലും മൂലയിലും ഗെയിംസ് എത്തിക്കാനുള്ള തീരുമാനങ്ങളുമായി സംഘാടക സമിതി മുന്നോട്ട്. നഗരത്തിലെങ്ങും ഗെയിംസ് എത്തുമെന്ന് സിറ്റി മേയര്‍ കാരന്‍ ബാസി പറഞ്ഞപ്പോള്‍ അവിശ്വസനീയമായിരിക്കും ഒളിംപിക് ഗെയിംസ് എന്ന് സംഘാടക സമിതി സി.ഇ.ഒ. റെയ്‌നോള്‍ഡ് ഹുവര്‍ വ്യക്തമാക്കി.

ദക്ഷിണ കാലിഫോര്‍ണിയയില്‍ ആറു വേദികള്‍ ഉണ്ടാകും. പ്രധാന മത്സരങ്ങളുടെയൊക്കെ വേദികള്‍ നിശ്ചയിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തിയ ബോക്‌സിങ് പീക്കോക്ക് തിയറ്ററില്‍ ആണ്. ഭാരോദ്വഹനവും അവിടത്തന്നെ നടക്കും. തൊട്ടടുത്തുതന്നെയായിരിക്കും ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ട്രമ്പോലിന്‍ വേദികള്‍. ഒളിംപിക്‌സില്‍ അരങ്ങേറ്റം കുറിക്കുന്ന സ്‌ക്വാഷ് സാന്‍ഫെര്‍നാസ്‌ഡോ വാലിയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിലാണ്.

സെപുല്‍വേദ ബേസില്‍ റിക്രിയേഷന്‍ ഏരിയായിലാണ് 3x3 ബാസ്‌ക്കറ്റ് ബോളും മോഡേണ്‍ പെന്റാത്‌ലനും. റിത്മിക് ജിംനാസ്റ്റിക്‌സും ബാഡ്മിന്റനും യുഎസ്സി സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കും. വിഖ്യാതമായ ഡോഡ്ജര്‍ സ്‌റ്റേഡിയമാണ് ബേസ്‌ബോള്‍ വേദി.
128 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ട്വന്റി 20 ശൈലിയില്‍ ഒളിംപിക്‌സില്‍ മടങ്ങിയെത്തുമ്പോള്‍ ഫെയര്‍ഗ്രൗണ്ട് ഗ്രൗണ്ട്‌സ് പൊമോനയില്‍ താല്‍ക്കാലിക വേദിയിലായിരിക്കും നടക്കുക. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ആറു ടീമുകള്‍ വീതമായിരിക്കും പങ്കെടുക്കുക. ആതിഥേയരായി യു.എസ്. ആയിരിക്കും ഒരു ടീം. ശേഷിച്ച അഞ്ചു ടീമുകളെ എങ്ങനെ നിശ്ചയിക്കും എന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും കട്ട് ഓഫ് ഡേറ്റ് വച്ച് ആദ്യ അഞ്ചു റാങ്കുകാര്‍ പങ്കെടുക്കാനാണു സാധ്യത.

സാന്‍ ക്‌ളെമെന്റെയിലെ ട്രെസ്റ്റ്‌ലെസ് ബീച്ചിലാണു സര്‍ഫിങ്ങ്. സിറ്റി ഓഫ് ലോങ് ബീച്ചിലെ അലാമിറ്റോസില്‍ കോസ്റ്റല്‍ റോവിങ്ങും ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിങ്ങും നടക്കും. ബീച്ച് വോളിയും ഇവിടെയായിരിക്കും. കോസ്റ്റല്‍ റോവിങ് പുതിയ ഇനമാണ്. ലോങ്ക ബീച്ചിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌പോര്‍ട് ക്ലൈംബിങ് നടക്കും. ഇവിടെ താല്‍ക്കാലിക വേദിയാണ് ടാര്‍ഗെറ്റ് ഷൂട്ടിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയയിലെ സൗത്ത് എല്‍മോണ്ടില്‍ ആയിരിക്കും ഷോട്ട് ഗണ്‍ മത്സരങ്ങള്‍, ആര്‍ച്ചറിയും റഗ്ബി സെവന്‍സും സിറ്റി ഓഫ് കാര്‍ഡ്‌നില്‍ ആണു നടക്കുക. അനാഹെയിം വോളിബോള്‍ വേദിയാകും. ഇക്വസ്ട്രിയന്‍ ആര്‍ക്കാഡിയയിലെ സാന്റാ അനിറ്റാ പാര്‍ക്കില്‍ നടത്തും.

മാരത്തണ്‍, റോഡ് സൈക്ക്‌ളിങ്ങ് എന്നിവയുടെ സ്റ്റാര്‍ട്ടും ഫിനിഷും എവിടെയെന്നു നിശ്ചയിച്ചിട്ടില്ല. പഴയ വേദികള്‍ പലതും പുതുക്കിപ്പണിതു. 2028 ജൂലൈ 14 മുതല്‍ 28 വരെയാണു ഗെയിംസ്. 1932ലും 84 ലും ഒളിംപിക്‌സ് സംഘടിപ്പിച്ച ലൊസാഞ്ചലസിന് ഇത് മൂന്നാം ഊഴമാണ്. ഏറ്റവും കുറ്റമറ്റ രീതിയില്‍ മേള സംഘടിപ്പിക്കുവാനുള്ള തീവ്ര ശ്രമത്തിലാണു സംഘാടകര്‍. സ്വകാര്യ ഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒ.യ്ക്കാണു സ്വതന്ത്ര നടത്തിപ്പു ചുമതല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക