
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വ്യക്തമായ ഒത്തുതീർപ്പു ഒട്ടും വൈകാതെ ഉണ്ടായില്ലെങ്കിൽ യുഎസ് ആ സമാധാന ശ്രമങ്ങൾ ഉപേക്ഷിക്കുമെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. യുക്രൈന്റെ ധാതു നിക്ഷേപങ്ങൾ യുഎസിനെ ഏൽപ്പിക്കാനുള്ള കരാർ ആയെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ ഡപ്യൂട്ടി പ്രധാനമന്ത്രി യൂലിയ സ്‌വിരിഡിങ്കോയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റുബിയോയുടെ പ്രസ്താവന വന്നത്.
അധികാരമേറ്റു ഒരൊറ്റ ദിവസം കൊണ്ട് യുദ്ധം തീർക്കുമെന്നു പറഞ്ഞിരുന്ന ട്രംപ് സമാധാന ശ്രമം ഉപേക്ഷിക്കുന്നത് റഷ്യയുടെ നിലപാടുകളോടുള്ള വിയോജിപ്പു മൂലമാണ്. യൂറോപ്പിനെ ഒഴിവാക്കി സമാധാനം ഉണ്ടാക്കാൻ യുഎസ് ശ്രമം നടത്തിയെങ്കിലും റുബിയോ വെള്ളിയാഴ്ച്ച പാരിസിൽ യൂറോപ്യൻ-യുക്രൈൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു. യുക്രൈൻ സമാധാന ശ്രമങ്ങൾ തന്നെ ആയിരുന്നു ചർച്ച വിഷയം.
അതിനു ശേഷമാണു അദ്ദേഹം പറഞ്ഞത്: "ഞങ്ങൾ ഈ പരിശ്രമം ആഴ്ചകളോ മാസങ്ങളോ നീട്ടിക്കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നില്ല. ഇത് സാധ്യമാണോ എന്ന് ഏതാനും ദിവസങ്ങൾക്കകം തീരുമാനിക്കേണ്ടതുണ്ട്."
പ്രസിഡന്റ് ട്രംപിന് ഈ ശ്രമത്തിൽ ഇപ്പോഴും താല്പര്യമുണ്ടെങ്കിലും അദ്ദേഹത്തിന് ഒട്ടേറെ മുൻഗണനാ വിഷയങ്ങൾ ഉണ്ടെന്നു റുബിയോ വ്യക്തമാക്കി. യൂറോപ്യൻ നേതാക്കൾ യുഎസ് നിർദേശങ്ങൾ സ്വാഗതം ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചർച്ചകൾ സൃഷ്ടിപരമായിരുന്നുവെന്നു യുക്രൈനിൽ പ്രസിഡന്റ് സിലിൻസ്കിയുടെ ഓഫിസ് പറഞ്ഞു.
Rubio says US could quit Ukraine talks