വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ! (ചങ്ങമ്പുഴ)
'കള്ള്' അത് കേരളത്തിന്റെ പാനീയം; മനസ്സിനെ സന്തോഷിപ്പിക്കുകയും സിരകളെ
ത്രസ്സിപ്പിക്കുകയും ചെയ്യുന്ന ഒരു അമൃത്. അന്തിവരെ പൊരിവെയിലത്ത്
കഷ്ടപ്പെടുന്ന കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ കര്‍ഷകന്
അവന്റെ ശരീരത്തെ ഒന്ന് തണുപ്പിക്കുവാനും സന്തോഷിക്കുവാനും പ്രകൃതി
കനിഞ്ഞനുഗ്രഹിചിരിക്കുന്ന ഒരു ഉത്തമ പാനീയം.
ശുദ്ധമായ 'കള്ള്' അനേക
ഗുണങ്ങള്‍ ഉള്ളവതന്നെ. മറ്റു ലഹരി പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ
അളവിലും, ലഹരിയുടെ അളവിലും വളരെ കുറവും കൂടാതെ മനുഷ്യശരീരത്തിനാവശ്യമായ
അനേകം പോഷകങ്ങളും, ജീവകങ്ങളും, അമീനോ അമ്‌ളങ്ങളും കള്ളില്‍
അടങ്ങിയിട്ടുമുണ്ട്. കള്ളു കുടിച്ചുണ്ടാവുന്ന ലഹരി മറ്റു ലഹരിവസ്തുക്കളെ
ആപേക്ഷിച്ച് അധികസമയം നീണ്ടുനില്‍ക്കില്ല. കള്ളില്‍ നിന്നും ഉണ്ടാക്കുന്ന
'പാനി' നമ്മുടെ നാട്ടിലെ വിരുന്നു സല്‍ക്കാരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത
ഒരു അതിഥിയായിരുന്നു. കള്ളുചേര്‍ത്തു പുളിപ്പിച്ചുണ്ടാക്കുന്ന
വട്ടയപ്പത്തിന്റെയും, വെള്ളയപ്പത്തിന്റെയും സ്വാദ് എങ്ങനെ മറക്കുവാന്‍
സാദിക്കും.
അത് പോലെ തന്നെ കള്ളുഷാപ്പുകള്‍, അന്നന്നത്തെ അധ്വാനവും വൈകിട്ട് പുഴയില്‍
ഒരു കുളിയും കഴിഞ്ഞു സുഹൃത്തുക്കളുമൊത്തു സമയം പങ്കിടുവാനും അവനവന്റെ ജീവിത
പ്രശ്‌നങ്ങളും, കഷ്ടപ്പാടുകളും പരസ്പരം ചര്‍ച്ചചെയ്യുവാനും, തമാശകള്‍
പറഞ്ഞു പൊട്ടിച്ചിരിക്കുവാനും, പുതിയ സുഹൃത്തുക്കളെ കണ്ടെത്തുവാനും;
നിലവിലുള്ള സുഹൃത്ത് ബന്ധങ്ങള്‍ കൂടുതല്‍ ശക്തീകരിക്കുവാനും, ഇണങ്ങുവാനും
പിണങ്ങുവാനും, ഉള്ള ഒരു കൂട്ടായ്മ സ്ഥലം തന്നെ. സ്വാദിഷ്ടമായ കറികളുടെയും
ഭക്ഷണത്തിന്റെയും കുപ്പിയിലും, കുടത്തിലും, കോപ്പയിലും നുരപൊന്തുന്ന
കള്ളിന്റെയും കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്നെ വിദേശങ്ങളില്‍ കഴിയുന്ന
ഏതൊരു മലയാളിക്കും അവന്റെ കേരളത്തെ ഓര്‍മ്മ വരും. അതാണ് കള്ളും മലയാളിയും
തമ്മിലുള്ള ഒരു ആകര്‍ഷണശക്തി.
കേരളത്തില്‍ ഈ 'കള്ളിന്റെ' ഉല്‍പ്പാദനവും വിതരണവുമായ് ബന്ധപ്പെട്ടു അനേക
കുടുംബങ്ങള്‍ ജീവിക്കുന്നു. അതില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍
മാത്രമാണ് അവരുടെ കുടുംബത്തിന്റെ ഏക ആശ്രയം, കൂടാതെ അത് പലരുടെയും
കുലത്തൊഴിലും ആകുന്നു. പണ്ടുകാലങ്ങളില്‍ വളരെ കഷ്ടത അനുഭവിച്ചും,
അടിച്ചമര്‍ത്തപ്പെട്ടും കഴിഞ്ഞിരുന്നവരായിരുന്നു ചെത്ത് തൊഴിലാളികള്‍.
അക്കാലങ്ങളില്‍ ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന് ഷാപ്പ് മുതലാളിമാര്‍
ന്യായമായ വിലയോ ഒന്നും കൊടുത്തിരുന്നില്ല. അതുതന്നെയുമല്ല സര്‍ക്കാരില്‍
നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുകയും ഉണ്ടായിരുന്നില്ല.
എന്നാല്‍ ആ സ്ഥിതിയല്ല ഇപ്പോള്‍, അവര്‍ക്ക് അവരുടെതായ യുണിയനുകളും
മറ്റുമായ്. അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് എല്ലാവിധമായ സഹായങ്ങളും
ആനുകൂല്യങ്ങളും ലഭിച്ചു തുടങ്ങുകയും ചെയ്തു.
ശുദ്ധമായ 'കള്ളു' ഇക്കാലത്ത് എവിടെയെങ്കിലും ലഭിക്കുമോയെന്ന് അറിയില്ല.
ഇന്ന് ലഭിക്കുന്നതിലധികവും കൃത്രിമാമായ് നിര്‍മ്മിച്ചെടുക്കുന്ന വ്യാജന്‍
തന്നെ. അതിനു പ്രധാന കാരണം, പണ്ടുകാലങ്ങളിലെ അപേക്ഷിച്ച് ചെത്തും
ചെത്തുതൊഴിലാളികളും കുറഞ്ഞ്, കള്ളിന്റെ ഉല്‍പ്പാദനവും കുറഞ്ഞു. എന്നാല്‍
ജനപ്പെരുപ്പം കൂടിയതിനനുസരിച്ചു ഇതിന്റെ ആവശ്യക്കാരുടെ എണ്ണം ദിനം പ്രതി
കൂടിക്കൊണ്ടും ഇരിക്കുന്നു. അങ്ങനെ വന്നു ഉപഭോക്താക്കളെ
സംത്രുപ്തരാക്കുവാന്‍ ഷാപ്പ് ഉടമകള്‍ ചെലവ് കുറവും കൂടുതല്‍ ആദായകരവുമായ
കൃതൃമ മാര്‍ഗ്ഗങ്ങളെ അവലംബിച്ചു. അവര്‍ വ്യജനിലേക്ക് തിരിഞു. അതിനെ
തടയുവാന്‍ ഇന്ന് നമ്മുടെ സര്‍ക്കാരിന് യാതൊരുവിധ കേള്പ്പുമില്ല. മദ്യ
വില്‍പ്പനക്കാര്‍ എന്ന് പറഞ്ഞാല്‍ അവര്‍ ചെറുകിടക്കാര്‍ അല്ല. ധാരാളം
ഗുണ്ടായിസ്സങ്ങളും അടാപിടികളും ചെയ്യുന്ന മദ്യമാഫിയകള്‍, അവര്‍ക്ക്
സര്‍ക്കാരിലും മറ്റു നേതൃ സ്ഥാനങ്ങളിലും നല്ല പിടിപാടുള്ളവര്‍ തന്നെ.
'അധികമായാല്‍ അമൃതും വിഷം തന്നെ' എന്നുള്ള പഴംചൊല്ല് പറയും പ്രകാരം,
അമിതമായുള്ള മദ്യത്തിന്റെ (കള്ളു മാത്രമല്ല) ഉപയോഗം മൂലം അനേകര്‍ക്ക്
പലവിധമായ പ്രശ്‌നങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
മദ്യപാനം ജോലി ചെയ്യുന്നതിനുള്ള താത്പര്യത്തെ കുറയ്ക്കും, സമൂഹത്തിലും ജോലി
സ്ഥലങ്ങളിലും ഉള്ള സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാം, സുഹൃത്തുക്കളുമൊത്തുള്ള
അമിതമായ മദ്യപാനം ധനത്തെ ക്ഷയിപ്പിക്കും. സ്വകാര്യ ജീവിതത്തിലെയും
കുടുംബത്തിലെയുമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് അകന്നുമാറും. അനാവശ്യമായ
ബന്ധങ്ങളും അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. കുടുംബത്തില്‍
സമാധാനക്കുറവും, കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും, അവരുടെ സാമൂഹീക
വളര്‍ച്ചയിലും കുറവുകളും ഉണ്ടാക്കും. കുടുംബബന്ധങ്ങള്‍ ശിഥിലമായ്‌പ്പോകും.
സുഹൃത് ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടാം. അപകടങ്ങളും ജീവഹാനികളും വരെ
സംഭവിക്കുകയും ചെയ്യാം.
ഇന്ന് കണ്ടുവരുന്ന സകല അക്രമങ്ങളുടെയും,
കൊലപാതകങ്ങളുടെയും, പീഡനങ്ങളുടെയും വ്യഭിചാരങ്ങളുടെയും എല്ലാം പിന്നില്‍ ഈ
മദ്യമെന്ന ഭീകരന്‍ ഒളിഞ്ഞിരിക്കുവെന്നത് ഒരു വസ്തുത തന്നെ. എന്നാല്‍
ഉത്തരവാദിത്വ ബോധത്തോടെ നിശ്ചിത തോതിലും അനുപാതത്തിലും മധ്യസേവ
നടത്തുന്നവര്‍ക്ക് ഈ കുഴപ്പങ്ങള്‍ ഒന്നും കാണാറുമില്ല.
മദ്യം ഒരു മയക്കുമരുന്നാണ്, അതിന്റെ നിത്യേനയുള്ള ഉപയോഗം മൂലം മനുഷ്യര്‍
അതിനു അടിമപ്പെടുകയും ചെയ്യും. പുരാഗ്രന്ധങ്ങളും ഉപദേശങ്ങളും എല്ലാം '
മദ്യം' വും 'മദ്യപാനവും' പാപം എന്ന നിലയിലാണ് കാണുന്നത്. അതിനു പ്രത്യേക
ജാതിയെന്നോ, മതമെന്നോ ഒരു പ്രസക്തിയുമില്ല. എന്നാല്‍ എല്ലാ ജാതികളിലും
പെട്ടവര്‍ മദ്യത്തെ ഇഷ്ടപ്പെടുന്നവര്‍ തന്നെ. ലോകത്തിലുള്ള കുറച്ചുപേര്‍
ഇതെല്ലാം ഒരു അനാവശ്യമായ ചിലവെന്നതുകൊണ്ടോ, ഇതിന്റെ തിക്തഫലങ്ങള്‍
കണ്ടിട്ടോ അനുഭവിച്ചിട്ടോ മദ്യം ഉപേക്ഷിച്ചു ജീവിക്കുന്നു. എന്നാല്‍
ജീവിതത്തില്‍ ഒരുതവണയെങ്കിലും മദ്യത്തിന്റെ രുചിയറിയാത്ത മനുഷ്യര്‍ വളരെ
കുറവ് തന്നെ. ഇന്ന് ലോകമെമ്പാടും നമ്മുടെ നാട്ടിലും പല ജാതിമത സംഘടനകളും
മറ്റു മദ്യവിരുദ്ധ സംഘടനകളും മദ്യനിരോധനം ആവശ്യപ്പെട്ടു മുന്‍പോട്ടു
വന്നുകൊണ്ടിരിക്കുന്നു.
1996മുതല്‍ ആന്റണി സര്‍ക്കാര്‍ കേരളത്തില്‍ ചാരായം നിരോധിച്ചു. അത്
നിരോധിക്കേണ്ട ഒരു വസ്തു തന്നെയാണ്. കാരണം മദ്യമാഫിയകള്‍ അവര്‍ക്ക് അമിത
ലാഭം ഉണ്ടാക്കുന്നതിനായ് വിപണിയിലിറക്കിയ വിഷം ചേര്‍ന്ന വ്യജ ചാരായം
കുടിച്ചു അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുവാനും അംഗവൈകല്യങ്ങള്‍ ഉണ്ടാവാനും
ഇടയാക്കി. അതുതന്നെയുമല്ല, ചാരായമെന്നത് കൂടുതല്‍ ലഹരിയുള്ളതും ആണ്. ഇന്ന്
നമ്മുടെ നാട്ടില്‍ ലഭിക്കുന്ന മിക്കവാറും എല്ലാ വിദേശ മദ്യങ്ങളും വ്യാജ
മദ്യങ്ങള്‍ തന്നെ. എന്നാല്‍ അന്ന് ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ച
കൂട്ടത്തില്‍ ഒരിക്കലും മറ്റു മദ്യം നിരോധിക്കുവാന്‍ ശ്രമിച്ചില്ല. അതിനു
ഒരേഒരു കാരണം, സര്‍ക്കാരിന് മദ്യത്തില്‍ നിന്നും ലഭിക്കുന്ന റവന്യു തന്നെ.
ഇത്രയും ടാക്‌സ് സര്‍ക്കാരിന് ലഭിക്കുന്ന മറ്റൊരു പ്രസ്ഥാനവുമില്ല.
.'കള്ളു' എന്നത് കേരളത്തിന്റെ സംസ്‌കാരം ആകുന്നു. അതിനെ നിരോധിക്കുന്നത്
കേരളത്തിന്റെ പേരുതന്നെ മാറ്റുന്നതിന് തുല്യം. കള്ളും കപ്പയും ചോറും
ഇല്ലാത്ത കേരളമെന്തു കേരളം. കള്ളിനെ നിരോധിക്കുകയല്ല സര്‍ക്കാര്‍
ചെയ്യേണ്ടത്, അതിന്റെ വ്യാജ ഉല്‍പ്പാദനത്തെ തടയുക. അതുപോലെ ചെത്ത്
തൊഴിലാളികള്‍ക്ക് അത് വില്‍ക്കുന്നതിനുള്ള അവകാശത്തെ കൊടുക്കുക. അപ്പോള്‍
വീണ്ടും കള്ളു അമൃതായ് മാറും.
.'പട്ടി ഒട്ടു പുല്ലു തിന്നില്ല പശുവിനെകൊണ്ട് തീറ്റിക്കുകയുമില്ല'.
ഇപ്പോള്‍ 'കള്ളു' വില്‍പ്പന നിരോധിക്കണമെന്ന് നാട്ടിലെ
വലതുപക്ഷപ്രസ്ഥാനത്തിലെ മുഖ്യ കണ്ണിയായ മുസ്‌ളീം ലീഗ്
വാദിച്ചുകൊണ്ടിരിക്കുന്നു. അത് കള്ളിന്റെ നിറം വെള്ളയായത് കൊണ്ടാണോ
എന്നുള്ളത് അറിഞ്ഞുകൂടാ. അവര്‍ അടുത്തകാലത്തായ് കേരളമാകെ പച്ചനിറം
കൊണ്ടുവരുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങളുടെ നിറങ്ങള്‍
മാറുന്നപോലെ കള്ളിന്റെ നിറം മാറ്റുവാന്‍ പറ്റില്ലല്ലോ............