സംസ്ഥാനത്ത് കോയി (ഴി) ബിരിയാണി നിയമം മൂലം നിരോധിക്കണമെന്ന് മട്ടന്‍ കച്ചവടക്കാരായ മട്ടന്നൂര്‍ ബ്രദേഴ്സ് ആവശ്യപ്പെട്ടു. കോഴിയെ കൊല്ലുന്നതും ആ ശവശരീരം വെട്ടിമുറിച്ച് മസാലപുരട്ടി വേവിച്ച് കഴിക്കുകയും ചെയ്യുന്ന നികൃഷ്ടവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി നിയമം മൂലം നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടാനും തീരുമാനിച്ചു. മട്ടന്നൂര്‍ ബ്രദേഴ്സ് ആരും കോഴിബിരിയാണി കഴിക്കുന്നവരല്ല. എല്ലാവരും മട്ടന്‍ മാത്രമാണ് കഴിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആരും കോഴിബിരിയാണി കഴിക്കേണ്ട കാര്യമില്ലെന്നും ബ്രദേഴ്സ് കൂട്ടിച്ചേര്‍ത്തു.
കോഴി ബിരിയാണി നിരോധിക്കുന്നതോടെ കേരളത്തില്‍ കോഴികള്‍ അന്യം നിന്നുപോകുമെന്ന വാദം മട്ടന്നൂര്‍ ബ്രദേഴ്സ് തള്ളിക്കളഞ്ഞു. അത് ഒരിക്കലും അംഗീകരിക്കാവുന്ന ഒരു ന്യായമല്ല. ലോകത്ത് അങ്ങനെ പല പക്ഷികളും അന്യം നിന്നു പോയിട്ടുണ്ട്.കോഴികളുടെ വിധി അതാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാവണം. കോഴിഫാമുകള്‍ പൂട്ടിയിടുകയാണ് വേണ്ടത്. കോഴിക്കച്ചവടം നിരോധിക്കണം. കോഴിക്കച്ചവടക്കാരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം. മട്ടന്നൂര്‍ ബ്രദേഴ്സിന് കോഴി ഇഷ്ടമല്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കാനും കോഴിബിരിയാണി നിരോധിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
കോഴി ഒരു പക്ഷിയാണ്. പക്ഷികളെ കൊല്ലുന്നത് ക്രൂരതയാണ്. പണ്ടൊരു പക്ഷിയെ കൊല്ലാന്‍ തുടങ്ങിയ കാട്ടാളനോട് ഒരു സ്വാമി മാനിഷാദ എന്നു പറയുകയും ആ കാട്ടാളന് മുടിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോഴിയെ കൊല്ലുന്നവരെക്കൂടി ഉദ്ദേശിച്ചാണ് അന്ന് അദ്ദേഹം ശപിച്ചതെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ശാപത്തില്‍ നിന്നൊഴിവായി സ്വസ്ഥവും സന്തോഷപൂര്‍ണവുമായ ജീവിതം നയിക്കാന്‍ കോഴിക്കച്ചവടവും കോഴിബിരിയാണിയുമെല്ലാം നിരോധിക്കപ്പെടണം- മട്ടന്നൂര്‍ ബ്രദേഴ്സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ക്ക് കോഴി വയറ്റില്പ്പിടിക്കാത്തതുകൊണ്ടും മട്ടന്‍ കച്ചവടമുള്ളതുകൊണ്ടുമാണ് കോഴിക്കച്ചവടത്തെയും കോഴിബിരിയാണിയെയും എതിര്‍ക്കുന്നതെന്ന വാദം മട്ടന്നൂര്‍ ബ്രദേഴ്സ് തള്ളിക്കളഞ്ഞു. ജനങ്ങളുടെ നന്മയും ആരോഗ്യവും സാമൂഹികസുസ്ഥിരതയും മാത്രമാണ് തങ്ങളുടെ ലക്ഷ്യം. പണ്ടൊക്കെ ആളുകള്‍ കഴിച്ചിരുന്നത് നല്ല നാടന്‍ കോഴികളെ ആയിരുന്നു. ഇന്ന് ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയിലര്‍ കോഴികളാണ് കൂടുതലായും എത്തുന്നത്. ഈ ഹോര്‍മോണ്‍ കോഴികളെ പിടിച്ച് കൊന്ന് ബിരിയാണി വച്ചു തിന്നുമ്പോള്‍ ആ ഹോര്‍മോണ്‍ സ്വാധീനം കഴിക്കുന്നവരിലും ഉണ്ടാവുകയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, മട്ടണ്‍ ബിരിയാണിക്ക് ഇത്തരം പ്രശ്നങ്ങളൊന്നുമില്ല- ബ്രദേഴ്സ് കൂട്ടിച്ചേര്‍ത്തു.
കോഴി ബിരിയാണിയും കോഴിക്കച്ചവടവും നിരോധിക്കണമെന്ന മട്ടന്നൂര്‍ ബ്രദേഴ്സിന്റെ ആവശ്യം കേരളത്തിന്റെ മട്ടന്വല്ക്കരണത്തിന്റെ ഭാഗമാണെന്ന് ഓള് കേരള കോഴിബിരിയാണി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ആരോപിച്ചു. കോഴിക്കെതിരെയുളള മട്ടന്നൂര്‍ ബ്രദേഴ്സിന്റെ വിരോധം വലിയ അജന്‍ഡയുടെ ഭാഗമാണ്. കേരളത്തില്‍ നിന്നു കോഴി ഇല്ലാതായാല്‍ പകരം വിദേശത്തു നിന്ന് ഏതോ പക്ഷിയെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിഗൂഢപദ്ധതിയു ഇതിനു പിന്നിലുണ്ടെന്നും കോഴി ഫാന്‍സ് ആരോപിച്ചു. പെണ്ണുപിടിയന്മാരായ ആണുങ്ങളെ കോഴി എന്നു വിശേഷിപ്പിക്കുന്ന പ്രവണതയ്ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, കോഴിക്കച്ചവടം ഒറ്റയടിക്കു നിരോധിക്കാന്‍ കഴിയുന്നതല്ല എന്ന് കേരളാ പ്രദേശ് കോഴി കമ്മിറ്റി പറഞ്ഞു. കോഴി ഒരിക്കലും അപകടകാരിയായ ഒരു പക്ഷിയല്ല. കോഴിബിരിയാണി ഇഷ്ടമല്ലാത്തവര്‍ക്ക് കോഴിയെ ഇണക്കി വളര്‍ത്തിയാല്‍ പവര്‍കട്ട് സമയത്ത് കാലില്‍ കയര്കെട്ടിയിട്ടാല് ഫാനിനു പകരം ഉപയോഗിക്കാം. കോഴി ഉല്പാദിപ്പിക്കുന്ന മുട്ട ആരോഗ്യത്തിനു നല്ലതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. പല ഔദ്യോരികപരിപാടികളിലും കോഴിബിരിയാണി ഒരു അവിഭാജ്യഘടകമാണ്. മട്ടന്‍ നല്ലതാണെന്നതില്‍ സംശയമില്ല എങ്കിലും കോഴിയെ അത്ര പെട്ടെന്ന് തുടച്ചുനീക്കേണ്ടതില്ല എന്നാണ് തങ്ങളുടെ നിലപാടെന്നും കമ്മിറ്റി വ്യക്തമാക്കി.