Image

തീസിസ്സ്‌, ആന്റിതീസിസ്സ്‌, സിന്തെസിസ്സ്‌ (കവിത: പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 03 October, 2012
തീസിസ്സ്‌, ആന്റിതീസിസ്സ്‌, സിന്തെസിസ്സ്‌ (കവിത: പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
ഹേഗ്‌ലും കേന്റും
അനുധാവകരും
ചൊരിഞ്ഞ പ്രഭ
അസ്‌തമിച്ചതോ?
ഗ്രഹണദിശയിലോ?

ആവര്‍ത്തന വിരസതയുള്ള
തീസിസ്സുകള്‍
രചിച്ചു മടുത്തവര്‍ക്ക്‌
പണ്ടൊരു വിദ്വാന്‍
എഴുതിയ ആമുഖം
വിരിയിച്ച മുട്ടയിലെ
മാഞ്ഞ മഞ്ഞക്കരു -
ആന്റിതീസിസ്സ്‌ -
ഇപ്രകാരം:
`ഓരോ ശരാശരി തീസിസ്സും
ഒരു ശവപ്പറമ്പില്‍ നിന്ന്‌
മറ്റൊരു ശവപ്പറമ്പിലേക്ക്‌
മാറ്റി പ്രതിഷ്‌ഠിക്കുന്ന,
മാംസം അളിഞ്ഞു
വിവസ്‌ത്രമായ,
എല്ലിന്‍ കൂമ്പാരങ്ങളാണ്‌.'

കവി ക്രാന്തദര്‍ശിയെങ്കില്‍,
സൈദ്ധാന്തിക സര്‍ക്ഷാത്മകത
ഒളിഞ്ഞും തെളിഞ്ഞും
അലങ്കാര വൃത്തേ-
തിവൃത്ത വൃത്താന്തം
സിന്തെസിസ്സിന്‍
ഉല്‌പാദനോത്തേജനത്തിന്‍
പ്രകടനം:
ഓരോ പുതിയ തീസിസ്സും
ശവപ്പറമ്പില്‍ സംസ്‌കരിച്ച
മരപ്പേടകത്തില്‍ നിക്ഷേപിച്ച,
കാലഹരണപ്പെട്ട, ജീര്‍ണ്ണിച്ച
പഴയ ആശയങ്ങളുടെ
ശവപ്പെട്ടിയില്‍ ആഞ്ഞടിക്കുന്ന
ഉരുക്കു മുള്ളാണികളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക