Image

സാന്റിയുടെ താണ്ഡവം: സംഘടനകളും എഴുത്തുകാരും എവിടെ?

മാത്യു മൂലേച്ചേരില്‍ Published on 03 November, 2012
സാന്റിയുടെ  താണ്ഡവം: സംഘടനകളും എഴുത്തുകാരും എവിടെ?
ന്യൂയോര്‍ക്ക്‌ മെട്രോ മേഖലയിലുള്ള നമ്മുടെ മലയാളി സോദരങ്ങള്‍ കഷ്ടങ്ങളിലും പ്രയാസങ്ങളിലും ആയിട്ട്‌ ഒരാഴ്‌ചയോളം ആയി. `സാന്‍ഡി'യെന്ന യക്ഷിക്കൊടുങ്കാറ്റ്‌ കടന്നുവന്നു അവരുടെ സന്തോഷപ്രദമായ പ്രവാസ ജീവിതത്തെ മേല്‍കീഴു മറിച്ചുകളഞ്ഞു. എന്റെ ഒരു ഫയിസ്‌ബുക്‌ സുഹൃത്ത്‌ തന്റെ ഫയിസ്‌ബുക്‌ വാളില്‍ ഇപ്രകാരമാണ്‌ എഴുതിയിരുന്നത്‌ `വൈദ്യുതിയില്ല, ഹീറ്റില്ല, ചൂടുവെള്ളമില്ല, കമ്പ്യൂട്ടെറില്ല, ഇമെയില്‍ ഇല്ല, ഫോണില്ല, കുക്കിങ്ങില്ല, ട്രാഫിക്‌ ലൈറ്റുകളില്ല, ഒരാഴ്‌ചയായ്‌ സ്‌കൂളുകലില്ല, വണ്ടിയോടിക്കുവാന്‍ ഗാസില്ല, കായലില്‍ കിടക്കേണ്ട ബോട്ടുകള്‍ ഒഴുക്കില്‍പ്പെട്ടു പ്രധാന വീഥിയില്‍ വിലങ്ങനെ. നന്നായ്‌ ഒന്ന്‌ കുളിച്ചിട്ടു തന്നെ ദിനങ്ങളായ്‌. അങ്ങനെ പലതിനാലും ഒരു മദ്ധ്യപ്രാചീന കാലഘട്ടത്തിന്റെ പ്രതീതി` അതെ ഇതാണ്‌ ഇന്ന്‌ നമ്മുടെ പല മലയാളി സഹോദരങ്ങളുടെയും ജീവിതത്തിന്റെ അവസ്ഥ. അതില്‍ പലരുടെയും ജീവിതത്തില്‍ ഒരു 'ലോകാവസ്സാനം' വരെ നടന്നുകഴിഞ്ഞു.

കാര്യകാരണങ്ങള്‍ ഇല്ലാതെ രാജകീയ വേഷവിധാനങ്ങളില്‍ വിലയേറിയ കാറുകളില്‍ യാത്രചെയ്‌തു, വന്‍കിട ഹോട്ടെലുകളിലും ആഡംബര കപ്പലുകളിലും മറ്റും ഒത്തുകൂടി വിലകൂടിയ ഭക്ഷണവും മദ്യവും കഴിച്ചു നേരമ്പോക്കുകള്‍ പറഞ്ഞു എവിടെനിന്നെങ്കിലും കടന്നുവരുന്ന വി.ഐ.പ്പികളുടെ കൂടെ നിന്ന്‌ കുറച്ചു ഫോട്ടോയും മറ്റുമെടുത്ത്‌ ഇന്റെര്‍നെറ്റിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കുന്ന നമ്മുടെ മലയാളി സംഘടനകളുടെ നേതാക്കള്‍ മാത്രം ഇതൊന്നും ഇതുവരെയും അറിഞ്ഞ മട്ടില്ല.

പ്രവാസികളായ മലയാളികളെ ഉദ്ധരിക്കുകയെന്നുള്ളതല്ലേ ഇതുപോലുള്ള സംഘടനകളുടെ പ്രധാന പ്രവര്‍ത്തനോദ്ദേശം തന്നെ. ഇന്ന്‌ കഷ്ടതയില്‍ ജീവിക്കുന്ന നമ്മുടെ മലയാളികളില്‍ ആര്‍ക്കും തന്നെ ഇവരില്‍ നിന്ന്‌ ഒരു ചില്ലിക്കാശിന്റെ പോലും സാമ്പത്തീക സഹായം ആവശ്യമില്ല. അതിനു വളരെ വിശാല മനസ്സോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ജനങ്ങളും, അധിക അഴിമതികളില്ലാത്ത നല്ലൊരു ഭരണകൂടവും ഈ രാജ്യത്തുണ്ട്‌. എന്നിരുന്നാലും ഒരു സ്വാന്ത്വന വാക്ക്‌ നമ്മുടെ മലയാളികളില്‍ നിന്നും നമ്മുടെ സംഘടനനകളില്‍ നിന്നും കേള്‍ക്കുമ്പോള്‍ വിഷമാവസ്ഥയില്‍ കഴിയുന്ന നമ്മുടെ സോദരര്‍ക്കു അതൊരു ആശ്വാസമാകും.

അവരൊക്കെ ഇതെപ്പറ്റി അറിയാഞ്ഞിട്ടോ അതോ ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ ചെന്നിടപെട്ടാല്‍ മുറുക്കിപ്പിടിച്ചിരിക്കുന്ന കൈകളില്‍നിന്നും എന്തെങ്കിലും ഊര്‍ന്നു പോകുമെന്നുള്ള സങ്കുചിത ചിന്താഗതികള്‍ കൊണ്ടോ അറിയില്ല. ഒരു സുഹൃത്തുമായ്‌ ഇക്കാര്യം ചര്‍ച്ചചെയ്‌തപ്പോള്‍ അദ്ദേഹം പറഞ്ഞു അതൊന്നുമല്ല കാരണം ' അവരെല്ലാം ഇപ്പോഴും അടുത്ത കാലങ്ങളില്‍ കഴിഞ്ഞ ഓണാഘോഷങ്ങളുടെയും, വാര്‍ഷികാഘോഷങ്ങളുടെയും രതിമധുരമ്മൂറുന്ന സുഖസ്വപ്‌നങ്ങളില്‍ മുഴുകി ഉറക്കമാണ്‌' ഇനിയും അവരൊക്കെ ഉണരുന്നത്‌ അടുത്ത ക്രിസ്‌തുമസ്സിനു മാത്രം.

സംഘടനകളെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. നാട്ടില്‍ ഉള്ളതിനേക്കാള്‍ വലിയവരെന്നു സ്വയം പുകഴ്‌ത്തി നടക്കുന്ന നിരവധി എഴുത്തുകാരും ഇവിടുണ്ട്‌. ഈ സംഭവം ഉണ്ടായ നാള്‍ തൊട്ടു ഞാന്‍ ഇവിടുത്തെ പല മലയാള വെബ്‌സൈറ്റുകളും നോക്കാറുണ്ട്‌ ആരെങ്കിലും ഇതിനെക്കുറിച്ച്‌ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയുവാന്‍., ആകെ കണ്ടത്‌ ജോര്‍ജ്‌ തുമ്പയില്‍ മാഷിന്റെ കുറച്ചു നല്ല ലേഖനങ്ങള്‍ മാത്രം. മറ്റാര്‍ക്കും ഇതിനൊന്നും സമയമില്ല. അവരെല്ലാം അവരവരുടേതായ മായാദൃശ്യ ലോകങ്ങളില്‍ ഇരുന്നു ആനന്ദതൈല ലേപനങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ മഷികൊണ്ടുള്ള അത്ഭുതസൃഷ്ടികളുടെ പണിപ്പുരകളില്‍ ആണ്‌. ചിലരാണെങ്കില്‍ നാട്ടില്‍ ഓര്‍ഡര്‍ കൊടുത്തിട്ട്‌ അത്‌ വന്നെത്തുവാനുള്ള കാത്തിരിപ്പിലും. മറ്റു ചിലര്‍ക്ക്‌ പബ്ലീഷ്‌ ചെയ്‌ത ബുക്കുകളുടെ എണ്ണം വിരലുകളില്‍ കൂട്ടിക്കൂട്ടി ഒരു പേനയെടുക്കുവാനുള്ള വിരലുകളും നഷ്ടമായ്‌. പിന്നെ ചിലര്‍ ഇവിടുത്തെ ആരും ഒരിക്കലും വായിക്കാത്തതും, വായിച്ചാല്‍ മനസ്സിലാവാത്തതുമായ കുറച്ചു കൃതികളെ വിവരാണിപ്പട്ട്‌ ഉടുപ്പിക്കുന്നതിലുള്ള പരിശ്രമങ്ങളിലും ആണ്‌. അങ്ങനെ എല്ലാവര്‌ക്കും സമയക്കുറവുകളും പലവിധമായ പ്രതിബന്ധങ്ങളും എന്ത്‌ ചെയ്യാം.

അമേരിക്കയിലുള്ള പ്രീയ എഴുത്തുകാരേ നിങ്ങള്‍ ആരും അധികമൊന്നും ഇവര്‍ക്കാര്‍ക്കുവേണ്ടിയും എഴുതേണ്ടതില്ല, സ്‌നേഹത്തോടെയുള്ള സ്വാന്ത്വന വാക്ക്‌ നിങ്ങള്‌ക്ക്‌ അവര്‍ക്കായ്‌ എഴുതിക്കൂടെ? ദൈവം തന്നിരിക്കുന്ന പ്രതിഭയെ നിങ്ങള്‍ ഇതുപോലുള്ള നല്ല കാരുണ്യ പ്രവര്‍ത്തികള്‍ക്കുവേണ്ടി വിനിയോഗിക്കുമ്പോള്‍ അത്‌ വര്‍ദ്ധിച്ചു വരിക മാത്രമേയുള്ളൂ. നിങ്ങളുടെ തൂലികകളില്‍ നിന്ന്‌ സ്‌നേഹത്തിന്റെയും, കരുണയുടെയും, ലാളനയുടെയും ദ്രാക്ഷാപാകങ്ങള്‍ മുറിവുകളെ മുറികൂട്ടുവാനുള്ള കരുത്തോടെ പിറന്നുവീഴട്ടെ.

സംഘടനകളും എഴുത്തുകളും ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാവുന്നവയായിരിക്കണം. അല്ലാത്ത സംഘടനകളും എഴുത്തുകളും എന്തിനുവേണ്ടി. അങ്ങനെയുള്ളവകള്‍ നിര്‍ത്തുന്നതല്ലേ ഏറ്റവും ഉചിതം. 'സാന്‍ഡി'യെന്ന യക്ഷി കൊടുംകാറ്റിനാല്‍ ദുരിതം അനുഭവിക്കുന്ന എന്റെ എല്ലാ പ്രീയ മലയാളി സോദരര്‍ക്കു വേണ്ടിയും പ്രാര്‍ഥിയ്‌ക്കുന്നു. ഇനിയും ഇതുപോലുള്ള ആപത്തുകളില്‍ നിന്നും സര്‍വേശ്വരന്‍ നിങ്ങള്‌ക്ക്‌ വിടുതല്‍ നല്‍കട്ടെ. നിങ്ങളുടെ വിലാപങ്ങള്‍ എന്റെ വിലാപവും നിങ്ങളുടെ നൃത്തങ്ങള്‍ എന്റെ നൃത്തവും തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക