Image

പ്രസിഡന്റ് ഒബാമയുടെ വിജയത്തിനു പിന്നിലെ കിതപ്പുകള്‍ ( മാത്യു മൂലേച്ചേരില്‍)

മാത്യു മൂലേച്ചേരില്‍ Published on 07 November, 2012
പ്രസിഡന്റ് ഒബാമയുടെ വിജയത്തിനു പിന്നിലെ കിതപ്പുകള്‍ ( മാത്യു മൂലേച്ചേരില്‍)
(see victory speech in video section)
വീണ്ടും ഒബാമ
'ആയിരം അച്ഛന്മാര്‍ ഒരു വിജയത്തിന് കാണും, എന്നാല്‍ പരാജയം ഒരു അനാഥന്‍ ആണ്' ജോണ്‍ എഫ്. കെന്നഡി
കഴിഞ്ഞ കുറെ നാളുകളായ് നിലനിന്നിരുന്ന കൊട്ടിഘോഷങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ആശങ്കകള്‍ക്കും അടിവരയിട്ടുകൊണ്ട് വിധി പ്രഖ്യാപനം നടന്നു കഴിഞ്ഞു. തീര്‍ത്തും മോശമല്ലാത്ത ഭൂരിപക്ഷത്തോടെ ഒബാമ വിജയിച്ചു. റോംനിയ്ക്കാണെങ്കില്‍ അദ്ദേഹം ഗവേര്‍ണര്‍ ആയിട്ടുള്ള സ്വന്ത സംസ്ഥാനം പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല. ഈ ലേഖനം എഴുതുന്ന സമയത്തും വാശിയേറിയ മത്സരം നടക്കുന്ന ഫ്‌ലോറിഡയിലെ ഫലപ്രഖ്യാപനം ഇതുവരെയും നടന്നിട്ടില്ല. എങ്കില്‍ തന്നെയും ആകെയുള്ള 538 ഇലക്റ്ററല്‍ വോട്ടുകളില്‍ 303ഉം കരസ്ഥമാക്കി തന്റെ പ്രസിഡന്റ് സ്ഥാനം ഒബാമ നിലനിര്‍ത്തി.
' എനിക്ക് നിങ്ങളുടെ എല്ലാവരുടെയും വോട്ടുകള്‍ കിട്ടിയിട്ടില്ലെങ്കിലും, എനിക്ക് നിങ്ങളെ മനസ്സിലാക്കുവാനും പഠിക്കുവാനും സാധിച്ചു, അങ്ങനെ നിങ്ങള്‍ എന്നെ പൂര്‍വ്വാധികം മെച്ചപ്പെട്ട ഒരു പ്രസിഡന്റ് ആക്കി മാറ്റുന്നു. നിങ്ങളുടെ കഥകളില്‍നിന്നും ജീവിത പ്രശ്‌നങ്ങളില്‍നിന്നും ലഭിച്ച പ്രചോദനം ഇനിയുമുള്ള എന്റെ വൈറ്റ് ഹൌസ് ജീവിതം കൂടുതല്‍ കാര്യക്ഷമാക്കുവാന്‍ ഉതകും'മെന്നു തന്റെ അംഗീകാര പ്രഭാഷണത്തില്‍ അദ്ദേഹം അമേരിക്കന്‍ ജനതയോടായ് പറഞ്ഞു.
ഏറ്റവും ശ്രേഷ്ഠരായ നിങ്ങളില്‍ പലരും പുതിയവരും മറ്റു പലരും എന്റെ തുടക്കം മുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്നവരും ആയിരിക്കാം, നിങ്ങളെ എല്ലാവരെയും എന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ഞാന്‍ കരുതുന്നു. നിങ്ങള്‍ ഇവിടെനിന്നും എങ്ങോട്ട് പോയാലും, എന്ത് ചെയ്താലും നമ്മളൊന്നിച്ചു പടുത്തുയര്‍ത്തിയ ഒരു ചരിത്രവും എല്ലാക്കാലവും നന്ദിയുമുള്ള ഒരു പ്രസിഡന്റിന്റെ അനുമോദനങ്ങളും നിങ്ങളുടെ ജീവിതാന്ത്യംവരെ കൂട്ടിനു ഉണ്ടായിരിക്കുമെന്നും ഒബാമ തന്റെ അണികളോടായ് പറഞ്ഞു.
ലോകത്തിലെ എല്ലാ രാഷ്ട്ര സാരഥികളും, രാഷ്ട്രീയ നേതാക്കന്മാരും മത സാമുദായിക മേലദ്ധ്യക്ഷന്മാരും ഇതിനോടകം നിരവധി അനുമോദന സന്ദേശങ്ങള്‍ ഒബാമയ്ക്ക് അയച്ചു കഴിഞ്ഞു. ' ഒബാമയുടെ ഈ രണ്ടാം വിജയത്തിന് ഊഷ്മളമായ അനുമോദനവും, കൂടാതെ ഈ വിജയത്തില്ക്കൂടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡപ്പെടുത്താന്‍ കഴിയുമെന്നും, സുസ്ഥിര ലോകസമാധാനത്തിനും, ശാസ്ത്ര സാങ്കേതിക മേഖലകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും, സാമ്പത്തീക രംഗത്തും, ഒന്നിച്ചുനിന്ന് ഇന്നുള്ള ആഗോള പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ സാധിക്കുമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ കൂടെ ഒബാമയെ അറിയിച്ചു.
വളരെ കഠിനമായിരുന്നു ഈ കഴിഞ്ഞ ഇലക്ഷന്‍. രണ്ടുകൂട്ടരും അവരുടെ ആവനാഴിയിലെ സകല അമ്പുകളും എടുത്തുപയോഗിച്ച് ഇഞ്ചോടിഞ്ച് പോരാടി. സകല പോളിങ്ങുകളിലും പലപ്പോഴും സമനിലകള്‍ ആയിരുന്നു. ഇന്നലെവരെ ആര് ജയിക്കു മെന്നു പ്രവചിക്കുക അസാധ്യം ആയിരുന്നെങ്കില്‍ തന്നെയും അനേകം പ്രവചനങ്ങളും വാഗ്വാദങ്ങളും ദൃശ്യമാധ്യമങ്ങളില്‍ അരങ്ങു തകര്‍ത്തു. അനേകക കോടി ഡോളറുകള്‍ ഒഴുക്കി. ഓഹായോയും, ഫ്‌ലോറിഡയും, വെര്‍ജീനിയയും, കൊളറാഡോയും ഒക്കെ വിധിനിര്‍ണ്ണായക സംസ്ഥാനങ്ങളായ് തിരഞ്ഞെടുക്കപ്പെട്ടു. അവസാനം പലരുടെയും പ്രവചനങ്ങളെ മറികടന്നു വിജയിക്കുവാന്‍ ആവശ്യകരമായ 270ല്‍ കൂടുതല്‍ ഇലക്റ്ററല്‍ വോട്ടുകള്‍ ഒബാമയ്ക്ക് ലഭിക്കുകയും ചെയ്തു.
എന്തൊക്കെയാണ് ഒബാമയുടെ വിജയം സുസ്ഥിരപ്പെടുത്തുവാന്‍ ഇടയായ ഘടകങ്ങള്‍ എന്ന് ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
ഓട്ടോ ബയില്‍ ഔട്ട് : സാമ്പത്തീക പ്രതിസന്ധി മൂലം പല അമേരിക്കന്‍ കമ്പനികളും കടക്കെണിയില്‍ ആയപ്പോള്‍ ആ കമ്പനികളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളെ അവര്‍ പിരിച്ചുവിടുകയുണ്ടായ്, എന്നാല്‍ ഒബാമയുടെ 'ഓട്ടോ ബയില്‍ ഔട്ട്' മൂലം വാഹന നിര്‍മ്മാണ കമ്പനികളുടെ കടങ്ങള്‍ എഴുതിത്തള്ളിയതില്ക്കൂടെ അനേകര്‍ക്ക് വീണ്ടും ജോലിയില്‍ പ്രവേശിക്കുവാനും അവര്‍ക്ക് ഒബാമയോടുള്ള താല്‍പ്പര്യം വര്‍ദ്ധികുവാനും ഇടയാക്കി. അതുമൂലം നിര്‍ണ്ണായക സംസ്ഥാനമായിരുന്ന ഒഹായോ ഒബാമയ്ക്ക് വിജയിക്കുവാനും സാധിച്ചു.
ഹറിക്കൈന്‍ സാന്‍ഡി: ഒക്ടോബര്‍ അവസാനം വടക്കുകിഴക്കന്‍ തീരദേശ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച 'സാന്‍ഡി' കൊടുങ്കാറ്റു ഒരുപാട് നാശനഷ്ടങ്ങള്‍ ആ മേഖലയില്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആ പ്രദേശങ്ങളില്‍ കടന്നുചെന്നു ദുരുതമാനുഭവിച്ച ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും അതോടൊപ്പം വളരെ പെട്ടെന്ന് ഫെഡറല്‍ ഗെവേര്‍ന്മെന്റിന്റെ സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുവാനും ഇടയാക്കി. അത് ഒബാമയുടെ വ്യക്തിത്വത്തിനും, തന്മയത്തിത്തിനും, നേതൃത്വ പാടവത്തിനും മുതല്‍ക്കൂട്ടാവുകയും ചെയ്തു.
ഗെറ്റ്ഔട്ട് വോട്ടിംഗ് : അവരുടെ ഗെറ്റ് ഔട്ട് വോട്ടിംഗ് രാഷ്ട്രീയ തന്ത്രം വളരെ ഫലവത്തായിരുന്നു. അതുമൂലം അവര്‍ക്ക് അവരെ പിന്തുണയ്ക്കുന്നവരെ നേരത്തെ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയ്ക്കുവാനും കൂടുതല്‍ വോട്ടുകള്‍ നേടുവാനും സാധിച്ചു.
ഒസ്മാമയുടെ കൊല: പാകിസ്ഥാനില്‍ അവരുടെ സംരക്ഷണയില്‍ വര്‍ഷങ്ങളായ് ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖൈദ നേതാവ് ബിന്‍ ലാദനെ വധിച്ചത് ഒബാമയുടെ പ്രസിഡന്റ് സ്ഥാനത്തെ മഹിമയുടെ പൊന്‍തൂവല്‍ അണിയിച്ചിരുന്നു. അത് രാജ്യ സുരക്ഷയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന അമേരിക്കന്‍ മനസ്സുകളില്‍ ഒബാമയുടെ പേര് എഴുതിച്ചേര്‍ക്കുവാന്‍ കാരണമായ്.
ഒബാമ കെയര്‍ : ആതുര സേവന രംഗത്ത് ഇന്‍ഷുറന്‌സില്ലാതെ വിഷമിക്കുന്ന അനേക കുടുംബങ്ങള്‍ക്ക് അത്താണിയായി 'ഒബാമ കെയര്‍'എന്ന പരിപാടിയില്‍ കൂടെ മിതമായ നിരക്കില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തരപ്പെടുത്തുവാന്‍ ഒബാമയുടെ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു.. അതിനു അമേരിക്കയില്‍ ഇന്നുള്ള ഡ്രഗ്ഗ് ലോബിയും, ഇന്‍ഷുറന്‍സ് ലോബിയും, അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും എതിരാണ്. എങ്കില്‍ തന്നെയും ഒബാമ വീണ്ടും അധികാരത്തില്‍ കടന്നുവന്നാല്‍ ഒരു ദിനം അത് ബില്ലാക്കി മാറ്റും എന്നുള്ള പ്രത്യാശയില്‍ ആണ് അനേകര്‍ . പ്രത്യേകിച്ചും നിര്‍ണ്ണായക സംസ്ഥാനങ്ങളായ ഫ്‌ലോറിഡയിലും മറ്റും താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്ക്. അതുമൂലം കുറെ വോട്ടുകള്‍ കരസ്ഥമാക്കുവാനും ഒബാമയ്ക്ക് ഇടയായ്.
കുടിയേറ്റം: അനധികൃതമായ് അമേരിക്കയില്‍ കുടിയേറി താമസ്സിക്കുന്നവരോടുള്ള മൃദുസമീപനവും, കുടിയേറ്റത്തോടുള്ള വിശാലതയും ഒബാമയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും സ്പാനീഷ് ലാറ്റിന്‍ വിഭാഗങ്ങള്‍ക്ക് പ്രീയപ്പെട്ടതാക്കി.
മോര്‍മനിസം: ഒബാമയുടെ എതിരാളിയായിരുന്ന മിറ്റ് റോംനിയുടെ മതവിശ്വാസമായ 'മോര്‍മന്‍' വിശ്വാസത്തോട് അമേരിക്കയുടെ തെക്കന്‍ നാടുകളില്‍ അധികമായുള്ള പ്രൊട്ടെസ്റ്റന്റ് വിശ്വാസികള്‍ക്കുള്ള എതിര്‍പ്പ് അവരില്‍ പലരെയും വോട്ടു ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു. പ്രൊട്ടെസ്റ്റന്റ്‌സ് കൂടുതലും രിപ്ലബ്ലിക്കാന്‍ രാഷ്ട്രീയ ചിന്താഗതിയുള്ളവരാണ്.
യുവജനങ്ങള്‍ : അമേരിക്കയില്‍ നിലവിലുള്ള വര്‍ഗ്ഗീയ വര്‍ണ്ണ വാദങ്ങള്‍ കണ്ടു മനം മടുത്ത പുതിയ തലമുറക്കാരായ യുവജനങ്ങളുടെ പിന്തുണ 'മാറ്റങ്ങളും പുത്തന്‍ പ്രതീക്ഷകളും' എന്ന ആശയത്തോടൊപ്പം കടന്നുവന്ന ഒബാമയ്ക്ക് ലഭിച്ചു.
വര്‍ഗ്ഗീയത: കാലങ്ങളായ് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന നീഗ്രോ വംശജര്‍ (പൊതുസമൂഹത്തില്‍ ഒബാമയ്‌ക്കെതിരെ സംസാരിക്കുന്നവര്‍ പോലും) ഒറ്റക്കെട്ടായ് ഇലെക്ഷനില്‍ അദ്ദേഹത്തിനു വോട്ടുചെയ്യുകയും സാമ്പത്തീകമായ് വളരെ സഹായിക്കുകയും ചെയ്തു.
യഹൂദ ഘടകം : അമേരിക്കയില്‍ മറ്റു ദേശക്കാര്‍ നിരവധിയുണ്ടെങ്കിലും ഇവിടെയുള്ള രാഷ്ട്രീയ ഭരണ മേഖലകളില്‍ യഹൂദര്‍ക്കുള്ള സ്ഥാനം ഉന്നതമാണ്. അവരെല്ലാം ഒബാമയെ സഹായിക്കുകയും, അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുകയും ചെയ്തു. ഒബാമ അധികാരത്തില്‍ ഇരുന്നാല്‍ അവരുടെ സ്വപ്നമായ 'ഇസ്രായേല്‍' രാജ്യം പ്രാവര്‍ത്തീകമാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അവര്‍ കരുതുന്നു.
വ്യക്തിത്വം: ഒരു നല്ല നേതാവിന് വേണ്ടുന്ന എല്ലാ ഗുണങ്ങളും ഒബാമയില്‍ ഉണ്ട്. അതില്‍ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ പ്രഭാഷണപാടവവും ആരെയും മയക്കുന്ന ചിരിയും തന്നെ.
അങ്ങനെ നിരവധി ഘടകങ്ങളാണ് ഒബാമയെ ഈ ഇലക്ഷനില്‍ സഹായിച്ചത്. രാഷ്ട്രീയ വൈരാഗ്യങ്ങള്‍ മറന്നു മുന്നോട്ടുള്ള നാലുവര്‍ഷം കൂടുതല്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം ഉറപ്പു നല്‍കുന്നത്. സമാധാനമില്ലാത്ത ഈ ലോകത്ത് അമേരിക്കയുടെ അമരത്തിരുന്നു ലോകസമാധാനത്തിനായും രാജ്യത്തിന്റെ ഐശ്വര്യത്തിനും അഖണ്ഢതയ്ക്കായും പ്രവര്‍ത്തിക്കുവാന്‍ സര്‍വേശ്വരന്‍ അദ്ദേഹത്തിന്റെ കൈകള്‍ക്ക് കരുത്തു നല്‍കട്ടെ! ജനാധിപത്യം വിജയിക്കട്ടെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക