Image

മഹാരാഷ്ട്രയുടെ `ഗര്‍ജ്ജിക്കുന്ന പുലി'

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 November, 2012
മഹാരാഷ്ട്രയുടെ `ഗര്‍ജ്ജിക്കുന്ന പുലി'
ഇന്ത്യയിലെ ഏറ്റവും വലിയ കോസ്‌മോപൊളിറ്റന്‍ നഗരമായ മുബൈയില്‍ മണ്ണിന്റെ മക്കള്‍ വാദത്തിലൂടെ പ്രസിദ്ധി നേടിയ മഹാരാഷ്ട്രയുടെ `ഗര്‍ജ്ജി'ന്ന പുലി എന്ന വിശേഷിപ്പിച്ചിക്കുന്ന ബാലസാഹേബ്‌ കേശവ്‌ താക്കറേ എന്ന ബാല്‍താക്കറേയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച്‌ മറാത്ത വാദികള്‍ക്കിടയില്‍, എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന്‌ അറിയില്ല. ഒരുപക്ഷേ മണ്ണിന്റെ മക്കള്‍ വാദത്തിന്‌ ഇതോടെ അന്ത്യമാകാനും സാധ്യതയുണ്ട്‌.

ഭാഷയിലും ഭക്ഷണത്തിലും സംസ്‌ക്കാരത്തിലും ജീവിതരീതിയിലും വസ്‌ത്രധാരണത്തില്‍പോലും വൈവിധ്യം പുലര്‍ത്തുന്ന നാനാജാതി മതസ്ഥരുടെ സമുച്ചയമായ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും യാഥാര്‍ത്ഥ്യമാകുന്നത്‌ ഏതൊരു ഇന്ത്യന്‍ പൗരനും പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ എവിടേയും ചെന്ന്‌ പാര്‍ക്കാനും തൊഴിലിലും കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെടാനമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടാകുമ്പോഴാണ്‌. ഈ അവകാശ സ്വാതന്ത്ര്യത്തിനു നേരെ പടവാളുയര്‍ത്തിയവരാണ്‌ മുബൈയിലെ താക്കറെമാര്‍.

ബാല്‍താക്കറെ നേതൃത്വം നല്‍കിയിരുന്ന ശിവസേനയാണ്‌ രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിക്കൊണ്ടുവന്നത്‌. അവരുടെ മുഖ്യ ഇരകള്‍ മുംബൈയിലെത്തി തൊഴിലുകളിലേര്‍പ്പെട്ടിരുന്ന ദക്ഷിണേന്ത്യക്കാരായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാതിരുന്ന ഒരു  സമീപനമായിരുന്നു ബാല്‍താക്കറെയുടെ ശിവസേന സ്വീകരിച്ചിക്കുന്നത്‌. ബാല്‍താക്കറെയുടെ പിതാവ്‌ കേശവ്‌ സിതാറാം താക്കറേ രൂപീകരിച്ച `യുണൈറ്റഡ്‌ മഹാരാഷ്ട്ര മൂവ്‌മെന്റ്‌' മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടിയായിപുന്നെങ്കിലും അത്‌ മുംബൈയില്‍ ആധിപത്യമുറപ്പിച്ച ഗുജറാത്തി, മാര്‍വാഡി, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരോടുള്ള എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്ന പ്രസ്ഥാനമായി വളരുകയായിരുന്നു. അതിന്റെ ചുവടു പിടിച്ച്‌ 1966-ല്‍ ബാല്‍ താക്കറേ ശിവസേന രൂപീകരിക്കുകയും അതിന്റെ തലതൊട്ടപ്പനായി സ്വയം അവരോധിക്കുകയും ചെയ്‌തു. പില്‍ക്കാലത്ത്‌ മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗങ്ങളിലും ആധിപത്യമുറപ്പിക്കാന്‍ ശിവസേനയ്‌ക്കു കഴിഞ്ഞു.

ബാല്‍താക്കറേയുടെ മരുമകന്‍ രാജ്‌താക്കറേയുടെ നേതൃത്വത്തിലുള്ള നവനിര്‍മ്മാണ്‍ സേനയുടെ ഇരകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടാക്‌സി ഡ്രൈവര്‍മാക്കും തെരുവു കച്ചവടക്കാരുമായിപുന്നു. ബിഗ്‌ ബി അമിതാബ്‌ ബച്ചന്റെ വീടടക്കം ഉത്തരേന്ത്യക്കാരുടെ നിരവധി വസ്‌തുവകകള്‍ അവര്‍ ആക്രമിച്ച്‌ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും വരുത്തിവെച്ചത്‌ ചരിത്രമാണ്‌. ആയിരക്കണക്കിനു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും നിരവധി പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയും ചെയ്‌തു. യു.പി.ക്കാരും ബീഹാറുകാരും കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോയതുകൊണ്ട്‌ മഹാരാഷ്ട്രയിലെ ഉല്‌പാദന കേന്ദ്രമെന്നറിയപ്പെടുന്ന നാസിക്കിലെ ഉത്‌പാദന മേഖലകളില്‍ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രക്കാര്‍ അല്ലാത്തവരെല്ലാം തിരിച്ച്‌ അവരവരുടെ സംസ്ഥാനങ്ങളിലേക്ക്‌ പോകണമെന്നാണ്‌ ബാല്‍താക്കറെ ആഹ്വാനം ചെയ്‌തത്‌.

മത്സ്യത്തൊഴിലാളികള്‍ പാര്‍ത്തിരുന്ന കൊളാബ, മസഗാവ്‌, ഓള്‍ഡ്‌ വുമന്‍സ്‌ ഐലന്റ്‌, വഡാല, മാഹിം, പരേല്‍, മാട്ടുംഗ-സയണ്‍ എന്നീ ദ്വീപുകളുടെ, കോലികള്‍ എന്നറിയപ്പെട്ടിരുന്ന ആര്യവംശജര്‍ `മുംബ എന്നു വിളിച്ചിരുന്ന, ഒരു ശൃംഖലയായിരുന്നു പതിനേഴാം നൂറ്റാണ്ടിനു മുന്‍പ്‌ മുംബൈ എന്നറിയപ്പെട്ടിന്നന്ന പ്രദേശം. ആര്യന്മാരുടെ ഇഷ്ടദേവത മുംബാദേവിയ്‌ക്കുള്ള സമര്‍പ്പണമായിപുന്നു `മുംബ'. ആദ്യം ഡച്ചുകാര്‍ അതു സ്വന്തം അധീനതയിലാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവരില്‍നിന്ന്‌ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തി. അവരാണ്‌ ഇന്ത്യയുടെ വാണിജ്യ-വ്യസായ തലസ്ഥാനമായ മുംബൈ നഗരം കെട്ടിപ്പടുത്തത്‌. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള ആളുകള്‍ അതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. മഹാരാഷ്ട്രയുടെ കുലപതിയും മറാത്തി സ്വത്വത്തിന്റെ ചിഹ്നവുമായി കൊണ്ടാടപ്പെടുന്ന ശിവജി മുബൈയില്‍ ഒന്നും ചെയ്‌തിട്ടില്ല. കൊങ്കണ്‍ മേഖലയിലെ റായ്‌ഘഡ്‌ ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്തയെ ഇന്ത്യയുടെ നാനാഭാഗത്തേയ്‌ക്കും വികസിപ്പിക്കാന്‍ ശ്രമിച്ച പേഷ്വായുടെ കാലത്ത്‌ മറാത്തി സംസ്‌ക്കാരത്തിന്റെയും ഭരണത്തിന്റെയും തലസ്ഥാനം പുനെ ആയിരുന്നു.

അശോക ചക്രവര്‍ത്തിയുടെ രാജ്യമെന്നും ഇതിനെ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 1343 വരെ വിവിധ ഹൈന്ദവ നാട്ടുരാജാക്കന്മാരും ഈ പ്രദേശം ഭരിച്ചിരുന്നു. ഗുജറാത്തില്‍ നിന്നുള്ള മുഹമ്മദന്‍സ്‌ ഈ രാജ്യം പിടിച്ചടക്കുകയും 1534-ല്‍ പോര്‍ച്ചുഗീസുകാര്‍ പിടിച്ചടക്കുന്നതുവരെ ഭരിക്കുകയും ചെയ്‌തു എന്ന്‌ ചരിത്രം പറയുന്നു. `മുംബ'യെ അവര്‍ `ബോം ബൈയാ' എന്ന പോര്‍ച്ചുഗീസ്‌ നാമം നല്‍കിയെങ്കിലും ബ്രിട്ടീഷുകാരാണ്‌ `ബോംബെ' എന്ന പേരു നല്‍കിയതും വീണ്ടും മറാത്തവാദികള്‍ `മുംബൈ' എന്നാക്കി മാറ്റുകയും ചെയ്‌തത്‌. 120 വര്‍ഷങ്ങള്‍ക്കുശേഷം ബോംബെയെ ബ്രിട്ടീഷ്‌ രാജാവ്‌ ചാള്‍സ്‌ രണ്ടാമന്‌ പോര്‍ച്ചുഗീസ്‌ രാജകുമാരി കാതറീന്‍ ബ്രഗാന്‍സയെ വിവാഹം കഴിച്ചതിന്‌ സ്‌ത്രീധനമായി കൊടുത്തു എന്നു പറയുന്നു. 1662ലായിരുന്നു ഇത്‌. പിന്നീട്‌ 1668-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി പാട്ടത്തിനെടുത്തു.

ആധുനിക മുംബൈ വികസിപ്പിച്ചടുത്തത്‌ മറാത്തികളോ മറാത്തി രാജാക്കന്മാരോ അല്ല. ബ്രിട്ടീഷുകാരുടെ ആസൂത്രണത്തിന്റേയും ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ അദ്ധ്വാനത്തിന്റേയും ഫലമാണത്‌. മുംബൈയുടെ രണ്ടു കോടിയോളം വരുന്ന ജനസംഖ്യയില്‍ 28 ശതമാനം മാത്രമാണ്‌ മറാത്തികള്‍. 20 ശതമാനം ദക്ഷിണേന്ത്യക്കാരും 40 ശതമാനത്തോളം ഉത്തരേന്ത്യക്കാരുമാണ്‌. മുംബൈ തെരുവുകള്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ജനതയുടെ പരിഛേദങ്ങളാണ്‌.

മുബൈയുടെ ചരിത്രം പാടെ വിസ്‌മരിച്ചുകൊണ്ടാണ്‌ ബാല്‍താക്കറേയും മകന്‍ ഉദ്ധവ്‌താക്കറേയും മറാത്തവാദത്തിലൂടെ മുബൈയെ അടക്കി ഭരിക്കാന്‍ രംഗത്തിറങ്ങിയത്‌. പക്ഷേ, അവരെ രണ്ടുപേരെയും കടത്തിവെട്ടി ബാല്‍താക്കറേയുടെ മരുമകന്‍ രാജ്‌തക്കറേ നവനിര്‍മ്മാണ്‍ സേന രൂപീകരിച്ച്‌ അന്യസംസ്ഥാനക്കാരെ വേരോടെ പിഴുതെറിയാന്‍ തുടങ്ങി. മൃദുഹിന്ദുത്വം കളിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ നിസ്സംഗരായി നോക്കി നില്‍ക്കേണ്ടിവന്നു. നവനിര്‍മ്മാന്‍ സേനയുടെ താണ്ഡവം അതിരുവിട്ടപ്പോള്‍ പ്രതികരിച്ചത്‌ സമാജ്‌വാദി പാര്‍ട്ടി നേതൃത്വമായിരുന്നു. നവനിര്‍മ്മാണ്‍ സേനയുടെ നീക്കം ഭരണഘടനാ വിരുദ്ധവും ദേശീയ ഐക്യത്തെ തകര്‍ക്കുന്നതുമാണെന്നാണ്‌ ബി.ജെ.പി. നേതാവ്‌ എല്‍.കെ. അഡ്വാനി പ്രതികരിച്ചത്‌.

ബാല്‍താക്കറെയുടെ മരണം ശിവസേനയില്‍ വിള്ളലുകളുണ്ടാക്കുമോ അതോ വീണ്ടും മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി അന്യസംസ്ഥാനക്കാരെ മുബൈയില്‍ നിന്ന്‌ തുരത്താനുള്ള പദ്ധതികള്‍ ഉദ്ധവ്‌താക്കറേയും അളിയന്‍ രാജ്‌താക്കറേയും ആവിഷ്‌ക്കരിക്കുമോ എന്നാണ്‌ ഇനി കണ്ടറിയേണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക