Image

25,000 പൊലീസുകാരെ വിന്യസിച്ചിട്ടും പ്രതിഷേധം തടയാനായില്ല: കേന്ദ്രത്തെ വിറപ്പിച്ച് പാറ്റകളുടെ തിരംഗ മാർച്ച്

Published on 16 October, 2026
25,000 പൊലീസുകാരെ വിന്യസിച്ചിട്ടും പ്രതിഷേധം തടയാനായില്ല:  കേന്ദ്രത്തെ വിറപ്പിച്ച് പാറ്റകളുടെ തിരംഗ മാർച്ച്

ഡൽഹി: പൊലീസ് നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും  നിരോധനാജ്ഞയും മറികടന്ന് ദേശീയ പതാകയുമായി തിരംഗ മാർച്ചിന് ഇറങ്ങി പ്രതിഷേധക്കാർ. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുക്കുകയും 25,000ത്തോളം അധിക പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടും പ്രവർത്തകരുടെ ഒഴുക്ക് തടയാനായില്ല. എഎപി, ഐസ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ്, ക്രാന്തികാരി യുവ സംഘടൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്ന് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചതോടെ ഡൽഹി വീഥികളിൽ പ്രതിഷേധം ശക്തമായി.

പ്രതിഷേധത്തിനായി താമസസ്ഥലത്തുനിന്ന്  ദേശീയ പതാകയുമായി പുറത്തിറങ്ങിയ ദീപ്‌കെയെ വീടിന് സമീപത്തുനിന്ന് പ്രധാന റോഡിലെത്തിയതോടെയാണ് കസ്റ്റഡിയിലെടുത്തത്. മണ്ഡി ഹൗസിൽ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നീക്കത്തെ പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

തിരംഗ മാർച്ച് നടത്തരുതെന്ന് ഡൽഹി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായ കൊണാട്ട് പ്ലേസിലെ സെൻട്രൽ ഏരിയയും പൊലീസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. 

ചെറുസംഘങ്ങളായി തുടങ്ങിയ മാർച്ച് വൻ പ്രതിഷേധ റാലിയായി മാറി. അനിയന്ത്രിതമായ ജനപങ്കാളിത്തം ഉണ്ടായതോടെ സമരമുഖത്ത് നിന്ന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. പൊലീസിന്റെ ബലപ്രയോഗം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇടത് എംപിമാരെ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമം നടത്തി. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് പിടികൂടി. ആൾക്കൂട്ടത്തെ പിരിച്ച് വിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ചെറു സംഘങ്ങളായി പല ഭാഗത്തും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിൽ കളക്ടീവിൻ്റെ നേതൃത്വത്തിൽ വീണ്ടും പ്രതിഷേധം തുടങ്ങി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ഇന്ന് വൈകുന്നേരം അഭിജിത് ദീപ്‌കെയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താൻ നിശ്ചയിച്ച ലെഹ്‌രാ ദോ തിരംഗ പ്രതിഷേധ പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസ് എത്തിയത്. തൻ്റെ വീടിന് ചുറ്റും രഹസ്യാന്വേഷണ വിഭാഗവും ഡൽഹി പൊലീസും കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ദീപ്‌കെ ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക