
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. എല്ലാ വിഭാഗങ്ങളുമായും കൃത്യമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് തീരുമാനമെടുത്തതെന്നും എ.പി സമസ്തയുടെ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങളിൽ നിരവധി ക്രമക്കേടുകൾ ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ കോടതി നിർദേശം നൽകിയത്. സർക്കാരും മുന്നണിയും വിശദമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും, ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾക്കൊന്നും സ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി സമസ്ത എ.പി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സമസ്തയുടെ ഇരു വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകാത്ത സർക്കാർ നിലപാട് തികച്ചും അന്യായമാണെന്ന് എ.പി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കിൽ കുറിച്ചു.
വിഷയത്തിൽ സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനാണ് എ.പി വിഭാഗത്തിന്റെ തീരുമാനം. എന്നാൽ പുതിയ വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റ എം.സി മായിൻ ഹാജി നല്ലൊരു ലീഗുകാരനും സമസ്തക്കാരനുമാണെന്നായിരുന്നു ഇ.കെ സമസ്ത നേതാവും മുൻ ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം.