
തിരുവനന്തപുരം: ബിജെപിയിൽ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ പാർട്ടി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ. സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്ന പത്മജ, വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തിയാൽ കടുത്ത തീരുമാനത്തിലേക്കെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിലും അവഗണിച്ചതോടെയാണ് രാജിക്കായുള്ള നീക്കം.
പാര്ട്ടി വേണ്ട വിധം പരിഗണിച്ചില്ല എന്നാണ് അവരുടെ വികാരം. നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിപ്പിച്ചെങ്കിലും തോറ്റ ശേഷം പ്രധാന നേതാക്കള് ബന്ധപ്പെടുന്നില്ല. സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇടയ്ക്ക് ഫോണില് വിളിക്കുമെന്നല്ലാതെ മറ്റു നേതാക്കള് അവരെ ഗൗനിക്കുന്നില്ലെന്ന പരാതിയും പത്മജയ്ക്കുണ്ട്.
പത്മജയെ വീണ്ടും കോണ്ഗ്രസിലെത്തിക്കാന് ചില നീക്കങ്ങള് നടക്കുന്നുണ്ട്. കെ മുരളീധരനുമായി അടുപ്പമുള്ളവരാണ് ഇതിന് പിന്നില്. എന്നാല് പത്മജക്കെതിരെ തൃശൂരിലെ കോണ്ഗ്രസ് നേതാക്കളില് ചിലര് രംഗത്തുണ്ട്. പത്മജയുടെ അതൃപ്തി മനസിലാക്കി ഒരുപക്ഷേ, ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കാനുള്ള സാധ്യതയുമുണ്ട്
മുതിർന്ന കോണ്ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ 2024 മാർച്ചിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. മുതിർന്ന ബിജെപി നേതാവ് ജെ.പി. നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.