
ആലപ്പുഴ: എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്നും തികച്ചും വിഭിന്നമായിരിക്കും യു.ഡി.എഫിന്റെ പുതിയ മദ്യനയമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മദ്യനയം സംബന്ധിച്ച പ്രാരംഭ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം നവംബറിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എൽ.ഡി.എഫിന്റെ മദ്യനയം സമൂഹത്തിന് യോജിച്ചതല്ലെന്നും, ഹോർട്ടി വൈൻ വിൽപ്പന അനുമതി പോലും അതിന്റെ ദൂഷ്യഫലമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ചാലക്കുടിയിലെ ‘എം.ആർ.സി സ്റ്റോർസ് ആൻഡ് ബേക്കറി’ക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് അബ്കാരി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ വകുപ്പ് മന്ത്രിയുടെ അഭിപ്രായം തേടേണ്ടിയിരുന്നു. ഇക്കാര്യം സർക്കാരിൽ നിന്ന് മറച്ചുവെച്ച ഉദ്യോഗസ്ഥർ അത് രഹസ്യമായി സൂക്ഷിക്കുകയാണുണ്ടായത്. മാധ്യമങ്ങളിലൂടെയാണ് ഹോർട്ടി വൈൻ വിൽപ്പന അനുമതി വാർത്ത താൻ അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ കാലത്തെ ചട്ടങ്ങൾ അനുസരിച്ചാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയത്. എന്നാൽ ലൈസൻസ് കൊടുത്ത ശേഷം അദ്ദേഹം മലക്കം മറിഞ്ഞു. മുൻ മന്ത്രിയുടെ കാലത്തെ ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും ഉള്ളത്. എൽ.ഡി.എഫ് സർക്കാരിന്റെ തുടർച്ചയല്ല യു.ഡി.എഫ് സർക്കാർ എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും മന്ത്രി കടുത്ത മുന്നറിയിപ്പ് നൽകി.