Image

ഇരുപത് രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം വിജയവാഡയില്‍

Published on 23 October, 2026
 ഇരുപത് രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം വിജയവാഡയില്‍

 

ഹൈദരാബാദ്: വിജയവാഡയില്‍ 20 രൂപ വിലയുള്ള കുപ്പിവെള്ളം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ നാലംഗ സംഘം വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. തെലുങ്കാനയിലെ നാല്‍ഗോണ്ട സ്വദേശി എം. സായ് കുമാര്‍ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടി. രവിശങ്കര്‍, എസ്. അയ്യപ്പ, പി. നവീന്‍, സായ് പ്രണീത് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.


യാദാദ്രി ഭുവനഗിരി ജില്ലയിലെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ അടുത്തിടെയാണ് വിജയവാഡ സന്ദര്‍ശിക്കാനെത്തിയത്. ഒക്ടോബര്‍ 18-ന് പുലര്‍ച്ചെ രണ്ടരയോടെ വിജയവാഡയിലെ പടമത ഡോങ്ക റോഡിലുള്ള ഒരു കടിയല്‍ നിന്ന് സായ് കുമാര്‍ ഫ്രിഡ്ജില്‍ നിന്നു കുപ്പിവെള്ളം എടുക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഈ സമയം കടയുടമ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ കടയിലെത്തിയ പാല്‍ വിതരണ വാനിലെ ഡ്രൈവര്‍ ഇത് കണ്ട് കടയിലെ ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കടയിലെ ജീവനക്കാരനും ഒരു ഹോട്ടല്‍ ജീവനക്കാരനും മറ്റ് രണ്ടുപേരും ചേര്‍ന്ന് സായ് കുമാറിനെ സമീപത്തെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിടുകയും വടികൊണ്ട് മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

തുടക്കത്തില്‍ റോഡില്‍ കിടന്ന സായ് കുമാറിനെ കണ്ടവരും കാല്‍നടയാത്രക്കാരും ഇയാള്‍ മദ്യലഹരിയിലാണെന്നാണ് കരുതിയത്. പിന്നീട് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടി. രവിശങ്കര്‍, എസ്. അയ്യപ്പ, പി. നവീന്‍, സായ് പ്രണീത് എന്നിവരെ പൊലിസ് പിടികൂടിയത്. കൊല്ലപ്പെട്ട സായ് കുമാറിന് ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമുണ്ട്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക