
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതികള്‍ അഭിഭാഷകര്‍ മുഖേന ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ നാലുപ്രതികളും വ്യാഴാഴ്ചയാണ് ജാമ്യാപേക്ഷ നല്‍കിയത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ജാമ്യത്തിനായി ജില്ലാ പ്ര.ിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അടുത്തയാഴ്ചയാകും ഇരുപക്ഷത്തിന്റെയും വാദം കേള്‍ക്കുക.
കാറോടിച്ചിരുന്ന ഒന്നാംപ്രതി സുഹൈല്‍, കാറില്‍ ഒപ്പമുണ്ടായിരുന്ന നിനവ്, ജോയല്‍, അമീന്‍ എന്നിവരാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഒന്നും രണ്ടും പ്രതികള്‍ക്കുവേണ്ടി ഒരു അഭിഭാഷകനാണ് വാദിക്കുന്നത്. മൂന്നും നാലും പ്രതികള്‍ക്കുവേണ്ടി വെവ്വേറെ അഭിഷകരും.
മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തിലുള്‍പ്പെട്ട മിനി കൂപ്പറിന്റെ ഇവന്റ് ഡേറ്റാ റെക്കോഡര്‍ പരിശോധനയ്ക്കായി ജര്‍മനിയിലെ ബി.എം.ഡബ്ല്യു. ആസ്ഥാനത്തേക്ക് അയക്കുന്നു. പ്രതി സുഹൈല്‍ സജീവിനെതിരേയുള്ള കുറ്റപത്രം ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം സാങ്കേതിക വിവരങ്ങള്‍ കൂടി പോലീസ് തേടുന്നത്.
വാഹനാപകടം നടക്കുന്ന സമയത്തെ 10 മുതല്‍ 30 സെക്കന്‍ഡ് വരെയുള്ള വീഡിയോ ദൃശ്യം ഇ.ഡി.ആറില്‍ രേഖപ്പെടുത്താറുണ്ട്. ഈ സമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്കിന്റെ ഉപയോഗം, സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയെല്ലാം ഇ.ഡി.ആറില്‍ ഉണ്ടാകും. വാഹന നിര്‍മാതാക്കള്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇ.ഡി.ആര്‍. പരിശോധിക്കുന്നത്.
അതിനിടെ, നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ പാലക്കാട് മണ്ണാര്‍ക്കാടുള്ള വീട്ടിലെത്തി അന്വേഷണസംഘം മൊഴിയെടുത്തു. ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.