
റെഡ് അലർട്ടും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും നിലനിൽക്കുന്നതിനിടെ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ജില്ലാ കളക്ടർമാരുടെ നടപടി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വയനാട് ജില്ലയിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ വി. ചെൽസസിനി അറിയിച്ചു. മലപ്പുറം ജില്ലയിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ഇതേ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലും കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുമാണ് അവധി സംബന്ധിച്ച അറിയിപ്പ് നൽകിയത്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകളും നടക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി.