Image

​'ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളി വേണ്ട'; ആസൂത്രണ ബോർഡ് നിയമനക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Published on 25 October, 2026
​'ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളി വേണ്ട'; ആസൂത്രണ ബോർഡ് നിയമനക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പി.എസ്.സി നിയമന ക്രമക്കേടിലെ അന്വേഷണം മന്ദഗതിയിലായതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഗൗരവമുള്ള കേസുകൾ വരുമ്പോൾ 'ഭായ്-ഭായ്' കളിച്ചിട്ട് കാര്യമില്ലെന്നും, ഇത്തരം ഒത്തുകളികൾ തുടർന്നാൽ ജനങ്ങൾ മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും അതേക്കുറിച്ച് അധികാരികൾക്ക് കൃത്യമായ ബോധ്യമുണ്ടാകണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിരീക്ഷിച്ചു.

​അന്വേഷണത്തിനെതിരെ പി.എസ്.സി നൽകിയ ഹർജിയിൽ കോടതി യാതൊരുവിധ സ്റ്റേയോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൂർണ്ണ സ്വാതന്ത്ര്യത്തോടെ മുന്നോട്ടുപോകാൻ അനുമതിയുണ്ടായിട്ടും മുഖ്യപ്രതികളെ ചോദ്യം ചെയ്യാനോ പ്രധാന രേഖകൾ പിടിച്ചെടുക്കാനോ സാധിക്കാത്തത് എന്ത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് കോടതി ചോദിച്ചു. പി.എസ്.സി കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം തടസ്സപ്പെട്ടതെന്ന സർക്കാർ വാദത്തെ കോടതി തള്ളി. ഹർജിയെ മറയാക്കി അന്വേഷണം സ്തംഭിപ്പിക്കുകയോ മനഃപൂർവം ഇഴച്ചുനീക്കുകയോ ആണ് നിലവിൽ ചെയ്യുന്നതെന്ന് ബെഞ്ച് വിലയിരുത്തി.

​അന്വേഷണത്തോട് പി.എസ്.സി സഹകരിക്കുന്നില്ലെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലിയുടെ വിശദീകരണത്തെയും കോടതി ശക്തമായി എതിർത്തു. ഇതൊരു കൊലപാതകക്കേസ് ആണെങ്കിൽ പ്രതി സഹകരിച്ചില്ലെന്ന് പറഞ്ഞ് അന്വേഷണം നിർത്തുമോ എന്നും, അറസ്റ്റ് ഉൾപ്പെടെയുള്ള നിയമപരമായ നടപടികളിലേക്ക് കടക്കില്ലേ എന്നും കോടതി ചോദിച്ചു. വ്യവസ്ഥാപിതമായ അന്വേഷണ രീതികൾ പിന്തുടരാൻ എന്താണ് തടസ്സമെന്നും കോടതി ആരാഞ്ഞു. തുടർന്ന്, പി.എസ്.സിയുടെ ആവശ്യപ്രകാരം പരാതിക്കാരനായ വി.എസ്. ജയലാലിനെ കേസിൽ കക്ഷി ചേർത്ത കോടതി, ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക