Image

'രക്തം ചിന്താതെ മാംസം അറുത്തെടുക്കണമെന്ന ഷൈലോക്കിന്റെ ന്യായം'; അഴിമതി തടയൽ നിയമത്തിലെ 17 എ വകുപ്പിനെതിരെ ഹൈക്കോടതി

Published on 25 October, 2026
'രക്തം ചിന്താതെ മാംസം അറുത്തെടുക്കണമെന്ന ഷൈലോക്കിന്റെ ന്യായം'; അഴിമതി തടയൽ നിയമത്തിലെ 17 എ വകുപ്പിനെതിരെ ഹൈക്കോടതി

കൊച്ചി: പൊതുസേവകർക്കെതിരായ അഴിമതിക്കേസുകളിൽ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ചങ്ങലയ്ക്കിടുന്നതാണെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ മറ്റ് വകുപ്പുകളെയാകെ നിശ്ചലമാക്കുന്നതാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. 'രക്തം ചിന്താതെ ഒരൗൺസ് മാംസം അറുത്തെടുക്കണമെന്ന' ഷേക്സ്പിയർ കഥാപാത്രമായ ഷൈലോക്കിന്റെ ന്യായത്തിന് തുല്യമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

​എല്ലാ കേസുകളിലും മുൻകൂർ അനുമതി വേണമെന്ന നിബന്ധന കർശനമായി നടപ്പാക്കിയാൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽപ്പോലും എങ്ങനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് കോടതി ആരാഞ്ഞു. അഴിമതിക്കേസുകൾ അട്ടിമറിക്കപ്പെടാനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും മാത്രമാണ് ഇത്തരം സാങ്കേതിക വ്യവസ്ഥകൾ വഴിവെക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം തകർക്കുന്നതാണ് ഈ വകുപ്പെന്നും വ്യക്തമാക്കി.

​സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പി.എസ്.സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ രൂക്ഷവിമർശനം. കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ സർക്കാരിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗൗരവമേറിയ ഇത്തരം കേസുകളിൽ അധികൃതർ തമ്മിൽ 'ഭായ്-ഭായ്' കളിച്ച് ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക