
കൊച്ചി: നെടുമ്പാശേരിയിലെ ദുരന്തത്തിന് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും അമിതവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് ജീവനപഹരിച്ചു. ചേരാനെല്ലൂരിൽ ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട വ്യാപാരിയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരിഞ്ഞാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ പേരിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ചേരാനെല്ലൂർ പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ കാർ അമിതവേഗത്തിലെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതിശക്തമായ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയബാലകൃഷ്ണൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നിയന്ത്രണംവിട്ട് പാഞ്ഞുവന്ന ആഡംബര കാർ അമിതവേഗതയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
അപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ തങ്ങളോട് ജഡ്ജി മോശമായി പെരുമാറിയെന്ന് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. 'നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട' എന്ന് പറഞ്ഞ് ജഡ്ജി തട്ടിക്കയറിയതായി ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. സ്വാധീനങ്ങൾക്ക് വഴങ്ങാതെ സംഭവത്തിൽ നീതി ലഭിക്കുന്നതിനായി നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി.