Image

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ രൂക്ഷവിമർശനവുമായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ; കേന്ദ്രത്തോട് അമിത വിധേയത്വം കാണിച്ചെന്ന് ഓർമക്കുറിപ്പിൽ വെളിപ്പെടുത്തൽ

Published on 25 October, 2026
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ രൂക്ഷവിമർശനവുമായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ; കേന്ദ്രത്തോട് അമിത വിധേയത്വം കാണിച്ചെന്ന് ഓർമക്കുറിപ്പിൽ വെളിപ്പെടുത്തൽ

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രസർക്കാരിനോട് അമിത വിധേയത്വം കാണിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ രംഗത്ത്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുൻപ് തന്നെ അദ്ദേഹം കേന്ദ്ര സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നുവെന്ന് ജസ്റ്റിസ് കൗൾ തുറന്നടിച്ചു. ഈ മാസം അവസാനം പുറത്തിറങ്ങുന്ന ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ (Without Fear or Favour) എന്ന തന്റെ ഓർമക്കുറിപ്പിലാണ് ജസ്റ്റിസ് കൗളിന്റെ ഈ നിർണായക വെളിപ്പെടുത്തലുകൾ.

​കൊളീജിയം നടപടികളിൽ സർക്കാർ ഇടപെടലുകൾക്ക് വഴിയൊരുക്കാൻ ശ്രമം നടന്നുവെന്നും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. സുപ്രീംകോടതിയിലെ ആറ് ഒഴിവുകളിലേക്ക് അഞ്ചുപേരുടെ പട്ടിക കൊളീജിയം മുൻകൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും, യോഗദിവസം ചീഫ് ജസ്റ്റിസ് അപ്രതീക്ഷിതമായി ആറാമതൊരു പേര് മുന്നോട്ടുവെച്ചു. ഇത് സർക്കാരിന്റെ താല്പര്യപ്രകാരമാണെന്ന് സംശയിച്ച താൻ, യോഗത്തിനിടെ കേന്ദ്രവുമായി ഫോണിൽ സംസാരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ ശക്തമായി തടഞ്ഞെന്നും ഒടുവിൽ ആദ്യ അഞ്ചുപേരെ മാത്രം അംഗീകരിച്ച് ആറാമത്തെ പേര് ഒഴിവാക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു ജഡ്ജിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ വിചിത്രമായ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ താൻ ശക്തമായി വിയോജിച്ച് ഇറങ്ങിപ്പോയെന്നും, പിന്നീട് സർക്കാർ നിലപാട് തിരുത്തിയ ശേഷമാണ് ആ നിയമനം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ജഡ്ജിമാരുടെ നിയമനത്തിൽ നട്ടെല്ലുള്ള നിലപാടുകൾ സ്വീകരിക്കുന്ന ജഡ്ജിമാരെയാണ് ഭരണകൂടം കൂടുതൽ ബഹുമാനിക്കാറുള്ളതെന്ന് ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യൽ നിയമന പ്രക്രിയ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തമാണെന്ന് കരുതാനാവില്ലെന്നും, ഇടപെടലുകൾക്ക് വഴിവെച്ചുകൊടുത്താൽ സർക്കാർ അതിന് ശ്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും സംരക്ഷിക്കുകയെന്നതിനാണ് മുഖ്യപരിഗണന നൽകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. 14 മാസത്തോളം കൊളീജിയത്തിലെ രണ്ടാമത്തെ മുതിർന്ന അംഗമായി പ്രവർത്തിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ 2023 ഡിസംബറിലാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക