
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും മുഴുവൻ കമ്മീഷൻ അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണറുടെ അസാധാരണ ശുപാർശ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുൻപ് തന്റെ സവിശേഷാധികാരം വിനിയോഗിച്ചാണ് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നിർണായക റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ചെയർമാനും അംഗങ്ങൾക്കുമെതിരെ ഇത്തരമൊരു കടുത്ത നീക്കത്തിന് മുതിരുന്നത്. പരീക്ഷാ നടത്തിപ്പിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് അതീവ ഗൗരവമുള്ള വസ്തുതകളും കണ്ടെത്തലുകളും അടങ്ങുന്നതാണ് രാഷ്ട്രപതിക്ക് കൈമാറിയ ശുപാർശ.
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ മുൻപ് വിശദീകരണം തേടിയിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷയടക്കമുള്ള വിവാദങ്ങളിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ചെയർമാനും അംഗങ്ങളും തള്ളിക്കളയുകയായിരുന്നു. ഇടത് അനുകൂല സംഘടനയിൽപ്പെട്ട ഉദ്യോഗാർത്ഥിക്ക് അനധികൃത നിയമനം നൽകാനായി എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തിയെന്നതാണ് പിഎസ്‌സിക്ക് മേലുള്ള പ്രധാന ആരോപണം. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയായിരുന്നു ക്രമക്കേട് അരങ്ങേറിയത്.
ഈ വിഷയത്തിൽ ഹൈക്കോടതിയുടെ കർശന ഇടപെടലുണ്ടായതോടെ പുനർമൂല്യനിർണയം നടത്താൻ കമ്മീഷൻ നിർബന്ധിതമായി. തുടർന്ന്, തഴയപ്പെട്ട് മൂന്നാം റാങ്കിലായ ഉദ്യോഗാർത്ഥിയാണ് യഥാർത്ഥത്തിൽ ഒന്നാം റാങ്കുകാരനെന്ന് പിഎസ്‌സിക്ക് തന്നെ കോടതിയെ ബോധിപ്പിക്കേണ്ടി വന്നു. തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. തുടർച്ചയായ വീഴ്ചകളും രാഷ്ട്രീയ പ്രേരിത നിയമന ആരോപണങ്ങളും കമ്മീഷന്റെ വിശ്വാസ്യതയെ കരിനിഴലിലാക്കിയ ഘട്ടത്തിലാണ് ഭരണഘടനാ തലവൻ തന്നെ കമ്മീഷനെ ഒന്നടങ്കം നീക്കാൻ ശുപാർശ നൽകിയിരിക്കുന്നത്.