Image

പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള നീക്കം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും; സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയൻ

Published on 25 October, 2026
പിഎസ്‌സി ചെയർമാനെ പുറത്താക്കാനുള്ള നീക്കം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവും; സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കാൻ മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ നടപടി കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്ഥാനം ഒഴിഞ്ഞ ഗവർണർ പോകുന്ന പോക്കിൽ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടർച്ചയായാണ് ഇത്തരമൊരു ശുപാർശയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആർട്ടിക്കിൾ 316 പ്രകാരം ആറ് വർഷത്തെ കാലാവധി നിശ്ചയിച്ച് നിയമിക്കുന്ന അംഗങ്ങളെ നീക്കം ചെയ്യാൻ ആർട്ടിക്കിൾ 317 പ്രകാരമുള്ള കൃത്യമായ വ്യവസ്ഥകൾ പാലിക്കണമെന്നും, സുപ്രീം കോടതിയുടെ അന്വേഷണ റിപ്പോർട്ടില്ലാതെ ഇത്തരമൊരു നീക്കം നടത്താൻ ഗവർണർക്ക് യാതൊരു ഭരണഘടനാപരമായ അധികാരവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​മന്ത്രിസഭയുടെ ഉപദേശനിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ എന്ന് ഭരണഘടനയുടെ 163-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. പിഎസ്‌സി എന്നത് ഭരണഘടനാപരമായ ഒരു തുടർച്ചയാണെന്നും സർക്കാരുകൾ മാറിവരുമ്പോഴും നിലവിലുള്ള അംഗങ്ങളെ പുറത്താക്കുന്ന പതിവ് കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പിഎസ്‌സിയെ സമീപിച്ച ചരിത്രം സംസ്ഥാനത്തിനില്ലാത്തതിനാൽ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ഫെഡറൽ അധികാരങ്ങളിൽ കൈകടത്താൻ യൂണിയൻ സർക്കാരിന്റെ ഏജന്റുമാരായി ഗവർണർമാരെ ബിജെപി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവർണർമാർ സ്വീകരിക്കുന്ന ഇത്തരം ഭരണഘടനാവിരുദ്ധ നീക്കങ്ങളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ അതോ അപലപിക്കാൻ തയ്യാറുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. ഗവർണറുടെ അമിതാധികാര പ്രവണതകൾക്ക് ഒത്താശ ചെയ്താൽ സർക്കാർ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഏതെങ്കിലും ഒരു നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകിയ പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചനയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക