
തിരുവനന്തപുരം: കെപിസിസിയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരിൽ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. 'അക്കു അക്ബർ' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെപിസിസി സമാഹരിച്ച വയനാട് ഫണ്ടിൽ വൻ തട്ടിപ്പ് നടന്നുവെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്തയുടെ ഉള്ളടക്കം.
'ഫാൻസ് ഓഫ് കൈരളി ടിവി' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് പ്രതി വസ്തുതാവിരുദ്ധമായ ഉള്ളടക്കം അടങ്ങിയ പോസ്റ്റ് പ്രചരിപ്പിച്ചത്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനും, തന്റെ വ്യക്തിത്വത്തെയും രാഷ്ട്രീയ പാരമ്പര്യത്തെയും കളങ്കപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി വി.എം. സുധീരൻ നേരിട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച ആഭ്യന്തര വകുപ്പ് സംഭവം അടിയന്തരമായി അന്വേഷിക്കാൻ സൈബർ പോലീസിന് നിർദ്ദേശം നൽകി.
നേതാക്കളുടെ പേരിൽ വ്യാജ പോസ്റ്ററുകളും പ്രസ്താവനകളും നിർമ്മിച്ച് രാഷ്ട്രീയ നേട്ടത്തിനായി പ്രചരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ് വ്യക്തമാക്കി. പ്രതി ഉപയോഗിച്ച ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിശദാംശങ്ങളും ഐപി വിലാസവും ശേഖരിച്ചുവരികയാണെന്നും, സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.