
തിരുവനന്തപുരം: കൊച്ചി ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കാശി ആർട്ട് കഫേയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഉത്തരേന്ത്യക്കാരനല്ലെന്നും അത് മലയാളികൾ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വീഡിയോകളുടെ പിന്നാലെ നടക്കേണ്ട കാര്യമില്ലെന്നും എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ചർച്ചയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ സെലക്ടീവായി കാണരുതെന്ന് കുറ്റപ്പെടുത്തിയ രാജീവ് ചന്ദ്രശേഖർ, സവർക്കർ അപമാനിക്കപ്പെട്ടപ്പോഴും ഹിന്ദുവികാരം വ്രണപ്പെട്ടപ്പോഴും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി, ജിന്ന കേരളത്തിൽ ആരുടെ റോൾ മോഡലാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, കാശി ആർട്ട് കഫേയെയും കേരളത്തെയും ലക്ഷ്യമിട്ട് വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവെൻസർ അമൃത് സിംഗ് ഡാരനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി. കഴിഞ്ഞ ഒക്ടോബർ 22-ന് രാവിലെയായിരുന്നു വിവാദത്തിന് ആധാരമായ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കപ്പെട്ടത്.
പ്രദേശത്ത് ഒരു ന്യൂനപക്ഷ മതവിഭാഗം കൂടുതലായി താമസിക്കുന്നത് കൊണ്ടാണ് കാശി ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നതെന്നും മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കൊപ്പം കഫേയിൽ മുഹമ്മദലി ജിന്നയുടെ പ്രതിമയുമുണ്ടെന്നുമായിരുന്നു ഇൻഫ്ലുവെൻസറുടെ വിദ്വേഷ പ്രചാരണം. ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നുവന്നതായും, ഇത് മതവിഭാഗങ്ങൾക്കിടയിൽ ചേരിതിരിവും സ്പർദ്ധയും ഉണ്ടാക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. ഇതേത്തുടർന്ന് കേസെടുത്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.