Image

കുട്ടികള്‍ക്ക് ജലസുരക്ഷാ വിദ്യാഭ്യാസം ഉറപ്പാക്കണം: കെ. മുരളീധരന്‍

Published on 26 October, 2026
 കുട്ടികള്‍ക്ക് ജലസുരക്ഷാ വിദ്യാഭ്യാസം ഉറപ്പാക്കണം: കെ. മുരളീധരന്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് ജലസുരക്ഷാ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരന്‍. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ- ഓസ്ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജലസ്രോതസുകളുമായി അഭേദ്യമായ ബന്ധമുള്ള കേരളം പോലൊരു സംസ്ഥാനത്ത് നീന്തല്‍ വിനോദം മാത്രമല്ല, ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന അനിവാര്യമായ ഒരു ജീവിത നൈപുണ്യം കൂടിയാണ്. അപകടകരമായ ക്വാറികള്‍, കനാലുകള്‍, നദീതീരങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

എമര്‍ജന്‍സി റെസ്പോണ്‍സ് സംഘങ്ങള്‍, തീരദേശ പൊലിസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പ്രകടിപ്പിക്കുന്ന അസാധാരണമായ ധൈര്യവും സേവന മനോഭാവവും നാം പ്രയോജനപ്പെടുത്തണം. ജലാശയങ്ങളെക്കുറിച്ചുള്ള അവരുടെ വിലമതിക്കാനാവാത്ത അനുഭവപരിചയവും പ്രായോഗിക അറിവും ഔദ്യോഗികമായി രക്ഷാപ്രവര്‍ത്തന ശൃംഖലകളുടെയും സമൂഹാധിഷ്ഠിത പരിശീലന പരിപാടികളുടെയും ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.

സിപിആര്‍ പരിശീലനം വ്യാപിപ്പിക്കുക, ആംബുലന്‍സ് സേവനങ്ങളുടെ പ്രതികരണശേഷി മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാ വിഭാഗങ്ങളെ ആവശ്യമായ സൗകര്യങ്ങളോടെ സജ്ജമാക്കുക എന്നിവയിലൂടെ രക്ഷാപ്രവര്‍ത്തനത്തിനുശേഷമുള്ള നിര്‍ണായക നിമിഷങ്ങള്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക