
അടിമാലി: വര്‍ഷങ്ങളായി ഒന്നിച്ച് ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞായറാഴ്ച ഉച്ചയൂണ് കഴിക്കുമ്പോള്‍ ചില്ലിയമ്മയും വീരലക്ഷ്മിയും അറിഞ്ഞിരുന്നില്ല, അതായിരുന്നു അവരുടെ അവസാനത്തെ ഉച്ചയൂണെന്ന്. ഉച്ചഭക്ഷണത്തിനുശേഷം ഏലത്തോട്ടത്തിലെ വലിയ മരച്ചുവട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇരുവരുടെയും ദേഹത്തേക്ക് മരം മറിഞ്ഞുവീണത്. മാങ്കുളത്തുണ്ടായ അപകടത്തില്‍ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
15 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇരുവരും ഉച്ചഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനുശേഷം ജോലി പുനരാരംഭിക്കുന്നതിനുമുമ്പ് വിശ്രമിക്കുകയായിരുന്നു ഇവര്‍. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നില്ലെങ്കിലും കാറ്റ് ശക്തമായിരുന്നുവെന്നാണ് വിവരം. 100 ഇഞ്ചിലധികം വലുപ്പമുള്ള വലിയ മരമാണ് തൊഴിലാളികളുടെ ദേഹത്തേക്കുവീണത്.
അപകടം നടന്നെങ്കിലും വിവരം പുറംലോകത്തെത്താന്‍ വൈകി. ആംബുലന്‍സും പോലീസും സ്ഥലത്തെത്താന്‍ ഒരു മണിക്കൂറോളം വേണ്ടിവന്നു. വാഹനമെത്തുന്ന വഴിയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനായി സഹപ്രവര്‍ത്തകര്‍ തുണികൊണ്ട് പ്രത്യേക മഞ്ചല്‍ ഒരുക്കി ചുമന്നുകൊണ്ടുപോയി.
അപകടത്തിനുശേഷം ചില്ലിയമ്മയുടെ ഭര്‍ത്താവ് പെത്തണ്ണന്‍ അരമണിക്കൂറോളം ഭാര്യയുടെ മൃതദേഹത്തിനരികില്‍ കാവലിരുന്നുവെന്നാണ് വിവരം. സമീപത്തുതന്നെ വീരലക്ഷ്മിയുടെ മൃതദേഹവും കിടന്നിരുന്നു.
ദാരിദ്ര്യത്തോടും പ്രതികൂല ജീവിതസാഹചര്യങ്ങളോടും പൊരുതി കുടുംബം പുലര്‍ത്താന്‍ ഏലത്തോട്ടത്തിലെ കഠിനാധ്വാനത്തെ ആശ്രയിച്ചവരായിരുന്നു ഇരുവരും. ദിവസക്കൂലി കൊണ്ടുമാത്രം കുടുംബത്തിന്റെ പട്ടിണി മാറ്റിയിരുന്ന ഇവരുടെ അപ്രതീക്ഷിത വിയോഗം ഉറ്റവര്‍ക്ക് താങ്ങാനാവാത്ത ദുരന്തമായി.