
കൊച്ചി: ചേരാനല്ലൂര്‍ ബെന്‍സ് കാറപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. മഴയായിരുന്നു, കാഴ്ച വ്യക്തമായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വാഹനമോടിച്ച 17 വയസ്സുകാരന്‍ പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സാധാരണ അപകടക്കേസാണ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭിച്ചപ്പോള്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കേസെടുത്തു, അദ്ദേഹം പറഞ്ഞു.
അപകടം എങ്ങനെ നടന്നുവെന്ന വിവരങ്ങള്‍ ആദ്യം ലഭിച്ചിരുന്നില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് മൊബൈല്‍ പരിശോധിച്ചപ്പോഴാണ് കാര്‍ അമിത വേഗതയിലായിരുന്നു പോയതെന്ന് വിവരം ലഭിക്കുന്നത്. നൂറിന് മുകളില്‍ സ്പീഡിലായിരുന്നു കാര്‍ സഞ്ചരിച്ചത്. വിവരങ്ങള്‍ വ്യക്തമായതിന് ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത് അതിനുള്ള കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അപകടം വളരെ ഗുരുതരമാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങില്‍ പൊലിഞ്ഞത്. പ്രതി പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാവും സ്വാഭാവികമായും കുറ്റക്കാരനാണ്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ഇതില്‍ അപ്പീല്‍ നല്‍കാനാവും.
അതുമായി പോലീസ് മുന്നോട്ടുപോകും. ക്രൈം ബ്രാഞ്ചിനാണ് കേസ് അന്വേഷണം കൈമാറിയിരിക്കുന്നതെന്നും കമ്മീഷണര്‍ വിശദീകരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസ്സുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ മരിച്ചത്. കേസില്‍ കാറോടിച്ച 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പതിനേഴുവയസ്സുകാരന്റെ പിതാവായ ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിനെതിരേ കേസെടുക്കുകയും ഹൈക്കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.