Image

തമിഴ്നാട് തേനി ജയിലില്‍ നിന്ന് 17 റിമാന്‍ഡ് തടവുകാര്‍ ചാടിപ്പോയി; നാല് പേര്‍ പിടിയില്‍

Published on 27 October, 2026
 തമിഴ്നാട് തേനി ജയിലില്‍ നിന്ന് 17 റിമാന്‍ഡ് തടവുകാര്‍ ചാടിപ്പോയി; നാല് പേര്‍ പിടിയില്‍

 

ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ആണ്ടിപ്പട്ടിക്കടുത്ത് തെക്കമ്പട്ടി സബ്ജയിലില്‍ നിന്ന് 17 റിമാന്‍ഡ് പ്രതികള്‍ വാര്‍ഡനെ ആക്രമിച്ച് തടവുചാടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജയില്‍ചാട്ടം നടന്നത്. സെല്ലിലുള്ള ഒരു തടവുകാരന് പെട്ടെന്ന് അപസ്മാരം ബാധിച്ചുവെന്ന് നുണ പറഞ്ഞ് ജയില്‍ വാര്‍ഡനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.

തടവുകാരനെ സഹായിക്കാനായി വാര്‍ഡന്‍ സെല്ലിന്റെ പൂട്ട് തുറന്ന് അകത്തുകയറിയ സമയം, തടവുകാര്‍ സംഘം ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം പുറത്തു കടക്കുകയുമായിരുന്നു.  സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലുടനീളവും കേരള അതിര്‍ത്തി പങ്കിടുന്ന ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലും പൊലിസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നാല് പേര്‍ പിടിയില്‍

തടവുചാടിയ 17 പേരില്‍ നാല് പേരെ പൊലിസ് വീണ്ടും പിടികൂടി. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി സൗത്ത് സോണ്‍ ഐജി വിജേയന്ദ്ര ബിദരിയുടെ നേതൃത്വത്തില്‍ 17 പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. 1995-ല്‍ വെല്ലൂര്‍ ഫോര്‍ട്ടിനുള്ളിലെ പ്രത്യേക ക്യാമ്പില്‍ നിന്ന് 43 എല്‍ടിടിഇ തീവ്രവാദികള്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട സംഭവത്തിന് ശേഷം തമിഴ്നാട്ടില്‍ നടക്കുന്ന ഏറ്റവും വലിയ ജയില്‍ചാട്ടങ്ങളില്‍ ഒന്നാണിത്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക