Image

വളര്‍ത്തുനായയെ പിടിച്ചത് 'പട്ടിപ്പുലി'യെന്ന് വനംവകുപ്പ്; അങ്ങനെയൊരു ജീവിയുണ്ടോ, ആശങ്കയില്‍ നാട്ടുകാര്‍

Published on 27 October, 2026
 വളര്‍ത്തുനായയെ പിടിച്ചത് 'പട്ടിപ്പുലി'യെന്ന് വനംവകുപ്പ്; അങ്ങനെയൊരു ജീവിയുണ്ടോ, ആശങ്കയില്‍ നാട്ടുകാര്‍

തൊട്ടില്‍പ്പാലം: തോട്ടക്കാട്ടില്‍ വളര്‍ത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയ സംഭവത്തിനു പിന്നാലെ 'പട്ടിപ്പുലി' യെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നു. പട്ടിയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെയാണ് നാട്ടുകാര്‍ക്കിടയില്‍ ആശങ്കയും സംശയവും ഉയര്‍ന്നത്. കഴിഞ്ഞദിവസമാണ് തൊട്ടില്‍പ്പാലത്തിനടുത്ത തോട്ടക്കാട്ടില്‍ വളര്‍ത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നായയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു.

രണ്ടുവര്‍ഷം മുന്‍പ് പശുക്കടവില്‍ വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയ സംഭവത്തിലും പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 'പട്ടിപ്പുലി' എന്ന പേരില്‍ അറിയപ്പെടുന്ന ജീവി ഏതാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നാണ് നാട്ടുകാരുടെ പരാതി. വന്യജീവികളുടെ ശാസ്ത്രീയ വര്‍ഗീകരണത്തിലോ ഔദ്യോഗിക വന്യജീവി രേഖകളിലോ 'പട്ടിപ്പുലി' എന്ന പേരില്‍ ഒരു ജീവിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമല്ലെന്നാണ് ഉയരുന്ന സംശയം. കേരളത്തിലെ മലയോര മേഖലകളില്‍ പണ്ടുകാലത്ത് പട്ടിപ്പുലി എന്ന പേരില്‍ ഒരു ജീവിയുണ്ടായിരുന്നതായി ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ സ്ഥിരീകരണമില്ല.

ഈ ജീവിയുടെ ചിത്രമോ വ്യക്തമായ രേഖകളോ ലഭ്യമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പേര് ഉപയോഗിക്കുന്നതില്‍ വ്യക്തത  വരുത്തണമെന്നും അജ്ഞാതജീവി ഏതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

അതേസമയം പട്ടിപ്പുലി എന്ന പേരില്‍ ഒരു ജീവിയില്ലെന്നാണ് കുറ്റ്യാടി റേഞ്ചര്‍ കെ. പ്രശാന്തിന്റെ പ്രതികരണം. ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള പേരാണ് പട്ടിപ്പുലിയെന്നും അദ്ദേഹം പറഞ്ഞു. തോട്ടക്കാട്ടില്‍ നായയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അജ്ഞാതജീവി ഏതാണെന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ വനംവകുപ്പിന്റെ വിശദീകരണവും ശാസ്ത്രീയപരിശോധനയും ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക