Image

പരീക്ഷാ ക്രമക്കേട്: ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ പി.എസ്.സി ചെയർമാനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും

Published on 28 October, 2026
പരീക്ഷാ ക്രമക്കേട്: ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ പി.എസ്.സി ചെയർമാനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അദ്ദേഹത്തിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാർ, സ്റ്റാലി തോമസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

​ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തില്ലെന്നും മൊഴിയെടുക്കണമെങ്കിൽ അന്വേഷണ സംഘം പി.എസ്.സി ആസ്ഥാനത്തേക്ക് വരണമെന്നുമായിരുന്നു നേരത്തെ ചെയർമാൻ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, കേസ് പരിഗണിച്ചപ്പോൾ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലും പ്രധാനപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്യാത്തതിലും ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചെയർമാനെ നേരിട്ട് വിളിപ്പിച്ചു ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്.

​അന്വേഷണത്തെയോ ചോദ്യം ചെയ്യലിനെയോ കോടതി തടഞ്ഞിട്ടില്ലെന്നും പിന്നെയെന്തിനാണ് "ഭായ്-ഭായ്" കളിക്കുന്നതെന്നും ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ ചോദിച്ചിരുന്നു. എന്ത് സൂത്രം കാണിച്ചാലും സത്യം പുറത്തുവരുമെന്ന് വ്യക്തമാക്കിയ കോടതി, സർക്കാരും പി.എസ്.സിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന ധാരണ ജനങ്ങൾക്ക് ഉണ്ടാക്കരുതെന്നും താക്കീത് നൽകി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഇതിനകം 190-ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക