
സുല്‍ത്താന്‍ബത്തേരി: വാഴവറ്റയിലെ വീട്ടില്‍നിന്ന് അളവില്‍കൂടുതല്‍ മദ്യം കണ്ടെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുത്ത് എക്സൈസ് സംഘം.
അളവില്‍ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ തറവാട്ടുവീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമായിരുന്നു ആന്റോയുടെ മൊഴി.
ഈ പശ്ചാത്തലത്തിലാണ് ലില്ലിക്കുട്ടിയുടെ മൊഴിയെടുത്തത്.
വീടും 36.25 സെന്റ് സ്ഥലവും ഈട് നല്‍കി പൊതുമേഖലാബാങ്കില്‍നിന്ന് ആന്റോ എടുത്ത 13.57 കോടിരൂപയുടെ വായ്പ കുടിശ്ശികയായതോടെ ബാങ്ക് വസ്തു ലേലത്തില്‍വെച്ചിരുന്നു. ലേലത്തില്‍ പിടിച്ചത് ആന്റോയുടെ ഭാര്യാമാതാവായിരുന്നു.
കോടികള്‍ വിലമതിക്കുന്ന വസ്തു വെറും രണ്ടുകോടി രൂപ രൂപയ്ക്കാണ് ആന്റോ ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചത്. വീട് ലേലത്തില്‍ പിടിച്ചെങ്കിലും ഉടമസ്ഥാവകാശം ബാങ്ക് കൈമാറിയില്ലെന്നാണ് ലില്ലിക്കുട്ടി എക്സൈസിന് മൊഴി നല്‍കിയതെന്ന് അറിയുന്നു.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് കോഴിക്കോട്ടുനിന്നുള്ള എക്സൈസ് സംഘം ഇവരുടെ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയത്. ഒന്നരമണി
ക്കൂറോളം ലില്ലി ജോസിന്റെ മൊഴിയെടുത്തശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഘം മടങ്ങിയത്.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ തറവാട്ടുവീട്ടില്‍ പരിശോധന നടത്തവേയാണ് 69.589 ലിറ്റര്‍ മദ്യശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് അബ്കാരി നിയമപ്രകാരം അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിന് എക്സൈസ് കേസെടുത്തു.
വിദേശനിര്‍മിത മദ്യവും ഇന്ത്യന്‍ മദ്യവും ആല്‍ക്കഹോള്‍ അടങ്ങിയ പാനീയവും കണ്ടെത്തിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ ആന്റോ ഹൈക്കോടതിയില്‍നിന്ന് ജാമ്യംനേടുകയായിരുന്നു.