Image

കോക്ക്പിറ്റിലെ ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനും സംഘത്തിനും യു.എ.ഇയുടെ ഉന്നത ബഹുമതി

Published on 28 October, 2026
കോക്ക്പിറ്റിലെ ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനും സംഘത്തിനും യു.എ.ഇയുടെ ഉന്നത ബഹുമതി

ദുബായ്: പറക്കലിനിടെ സഹപൈലറ്റിന്റെ അക്രമം ധീരമായി ചെറുത്ത് വൻ വിമാനദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ഫ്ലൈ ദുബായ് ജീവനക്കാർക്ക് യു.എ.ഇയുടെ ആദരം. യു.എ.ഇ പ്രസിഡന്റ് സമ്മാനിക്കുന്ന ഉന്നത സിവിലിയൻ പുരസ്കാരമായ 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2' നൽകിയാണ് ജീവനക്കാരെ രാജ്യം ആദരിച്ചത്. അപായഘട്ടത്തിലും സമചിത്തതയോടെ പ്രവർത്തിച്ച് യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയതിനാണ് അംഗീകാരം.

​സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വിമാനം ആകാശത്തായിരിക്കെ സഹപൈലറ്റ് അപ്രതീക്ഷിതമായി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റിട്ടും സഹപൈലറ്റിന്റെ നീക്കങ്ങളെ പ്രതിരോധിച്ച് വിമാനത്തിന്റെ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ ക്യാപ്റ്റൻ നടത്തിയ ധീരമായ പോരാട്ടമാണ് വൻ ദുരന്തം ഒഴിവാക്കിയത്.

​തുടർന്ന് കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ ക്യാബിൻ ക്രൂവും യാത്രക്കാരും ചേർന്ന് അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഈ സമയം ഇതേ വിമാനത്തിൽ അവധിക്ക് യാത്ര ചെയ്യുകയായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ ഉടൻതന്നെ കോക്ക്പിറ്റിലെത്തി നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക