
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടിൽ മുൻ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോകാനുള്ള നീക്കങ്ങൾക്കിടെയാണ് സതീഷ് വലയിലാകുന്നത്. കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച സതീഷിന്റെ പെൻഷൻ ആനുകൂല്യങ്ങൾ ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് സർക്കാർ നേരത്തെ തടഞ്ഞുവെച്ചിരുന്നു.
വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺ സ്ക്രീൻ മൂല്യനിർണ്ണയ ചുമതല വഹിച്ചിരുന്നത് സതീഷായിരുന്നു. ഭരണപക്ഷ അനുകൂല ഉദ്യോഗാർത്ഥിക്ക് ഒന്നാം റാങ്ക് ഉറപ്പാക്കുന്നതിനായി മൂല്യനിർണ്ണയത്തിൽ ബോധപൂർവ്വം ക്രമക്കേട് കാട്ടിയെന്നും, ഉത്തരക്കടലാസുകളിൽ തിരിമറി നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ എഴുതിയ ഉത്തരങ്ങൾക്ക് മാർക്കിടാതെ ഒഴിവാക്കിയും ചിലർക്ക് അനധികൃതമായി കൂടുതൽ മാർക്ക് നൽകിയും റാങ്ക് ലിസ്റ്റിൽ മാറ്റം വരുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പി.എസ്.സി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിലും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും കൃത്രിമത്വവും സ്ഥിരീകരിച്ചിരുന്നു. സതീഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഉന്നത ഉദ്യോഗസ്ഥരിലേക്കും കൂടുതൽ പി.എസ്.സി അംഗങ്ങളിലേക്കും എത്തുന്ന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം.