
കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ബെൻസ് കാറപകടക്കേസിൽ, പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി-2ൽ നിന്ന് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്കാണ് ഹർജി മാറ്റിയത്. പ്രായപൂർത്തിയാകാത്ത പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസും അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) കുടുംബവും കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ പ്ലസ് ടു വിദ്യാർത്ഥി അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ ദാരുണമായി കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള 'റീൽ' ചിത്രീകരിക്കാനാണ് പ്രതി അർദ്ധരാത്രിയിൽ ആഡംബര കാറുമായി നിരത്തിലിറങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിന് തൊട്ടുമുമ്പ് വാഹനം മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, കാറുടമയും 17 കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജിക്കെതിരെയും കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനാപകടമുണ്ടാക്കിയാൽ രക്ഷകർത്താവിനെയോ വാഹന ഉടമയെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199(എ) പ്രകാരമാണ് നടപടി. പ്രതി സ്ഥിരമായി ലൈസൻസില്ലാതെ വാഹനമോടിക്കുന്ന വ്യക്തിയാണെന്നും ജാമ്യം റദ്ദാക്കി ദുർഗുണപരിഹാര പാഠശാലയിലേക്ക് അയക്കണമെന്നുമാണ് പോലീസിന്റെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം.